ഓപ്പറേഷൻ കുബേര നിലച്ചു; ജില്ലയിൽ ബ്ലേഡ് സംഘങ്ങൾ വിലസുന്നു
ചെറുതോണി: ബ്ലേഡ് മാഫിയയുടെ കെണിയില്‍പെട്ട് ദുരിതത്തില്‍ കഴിയുന്ന കുടുംബങ്ങളെ സഹായിക്കാൻ നടപ്പാക്കിയ ഓപറേഷൻ കുബേര നിലച്ചു. പരിശോധന നിര്‍ത്തിയതോടെ തമിഴ് വട്ടിപ്പലിശക്കാരും ബ്ലേഡുകാരുമെല്ലാം വീണ്ടും സജീവമായി.
തുടക്കത്തില്‍ റെയ്ഡുകള്‍ നടത്തി ശക്തമായി മുന്നോട്ടുപോയ ഓപറേഷൻ കുബേര ഓരോ ദിവസം പിന്നിട്ടപ്പോഴും ദുര്‍ബലമായി. റെയ്ഡ് വിവരങ്ങള്‍ മുൻകൂട്ടി ചോര്‍ന്നു തുടങ്ങിയതോടെ അതു പ്രഹസനമായി മാറി. തമിഴ്നാട്ടുകാരായ ബ്ലേഡ് ഇടപാടുകാരോട് തല്‍ക്കാലം മാറിനില്‍ക്കാൻവരെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഉപദേശിച്ചു. ഇതോടെ ഇവിടെ വന്ന് കുടുംബസമേതം തമ്ബടിച്ചിരുന്നവരും സ്ഥലം വിട്ടു. പരിശോധന നടത്തിയ കേസുകളിലെല്ലാം വമ്ബൻമാര്‍ രക്ഷപ്പെട്ടു. കുറച്ചുനാളായി ഇഴഞ്ഞുനീങ്ങിയ കുബേര ഇപ്പോള്‍ പൂര്‍ണമായും നിലച്ചു. ഇപ്പോള്‍ ഇങ്ങനെയുള്ള സംഭവങ്ങളില്‍ പരാതി കൊടുത്താല്‍പോലും പൊലീസ് വലിയ താല്‍പര്യം കാണിക്കുന്നില്ല.
ഓപറേഷൻ കുബേരയുടെ മറവില്‍ വൻ തട്ടിപ്പും അരങ്ങേറി. കടം മേടിച്ച പണം തിരികെ ചോദിച്ചാല്‍ കുബേര കേസില്‍ അകത്താക്കുമെന്ന് പറഞ്ഞ് ഒരു കൂട്ടം ഉദ്യോഗസ്ഥന്മാരും ചില രാഷ്ട്രീയക്കാരും ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവങ്ങള്‍ നിരവധിയാണ്. ജില്ലയില്‍ ഇതുവരെ ഇരുനൂറോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പ്രതികളായത് 196 പേര്‍. അറസ്റ്റിലായത് നൂറോളം പേരും. ബാക്കിയുള്ളവരെല്ലാം ഭരണസ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ട് പിടിയിലായവരില്‍നിന്ന് കണക്കില്ലാതെ രൂപയും ചെക്കും സ്വര്‍ണവും പിടിച്ചെടുത്തു.
ഇത് സംബന്ധിച്ച് ഒരു രേഖയുമില്ല. ശനിയാഴ്ച തമിഴ്നാട്ടില്‍നിന്നെത്തുന്നവര്‍ തിങ്കളാഴ്ച തിരികെ പോകുന്നത് ലക്ഷങ്ങളുമായിട്ടാണ്.