ജില്ലാവികസന സമിതി യോഗം:നിര്‍മാണം മുടങ്ങിയ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം: അഡ്വ. എ. രാജ എം.എല്‍.എ
ഇടുക്കിയില്‍ വിവിധ മേഖലകളില്‍ നിര്‍മാണപ്രവര്‍ത്തനം മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ ഉടനെ പൂര്‍ത്തിയാക്കണമെന്ന് അഡ്വ. എ. രാജ എം.എല്‍.എ. ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. കഴിഞ്ഞ വര്‍ഷം അനുവദിച്ച ദേവികുളം, അടിമാലി ബ്ലോക്കുകളിലെ വിവിധ റോഡുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭരണാനുമതി നല്‍കി ഫണ്ട് അനുവദിച്ച വട്ടവട മോഡേണ്‍ വില്ലജ് പദ്ധതിയും വട്ടവടയിലെ വിദ്യാര്‍ഥിഹോസ്റ്റല്‍ കെട്ടിട നിര്‍മാണവും മുടങ്ങിക്കിടക്കുകയാണ്. ഇവയുടെ സാങ്കേതിക തടസ്സങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ വകുപ്പ് മേധാവികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഇടമലക്കുടിയിലെ റോഡുകളുടെ നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള പാതകള്‍ ഇടുങ്ങിയതായതിനാലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പെട്ടിമുടിയില്‍ അവശേഷിക്കുന്ന പാറകള്‍ പൊട്ടിച്ച് ഉപയോഗിക്കുന്നതിന് ജില്ലാ ഭരണകൂടം അനുമതി നല്‍കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം യോഗത്തില്‍ ഉന്നയിച്ചു.
മഴക്കാല ജാഗ്രതയുടെ ഭാഗമായി അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുക, ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും പനി ക്ലിനിക്കുകള്‍ സ്ഥാപിക്കുക എന്നിവ സംബന്ധിച്ച നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
മെയ് 15 മുതല്‍ 24 വരെ അഞ്ചു താലൂക്കുകളിലായി നടന്ന പരാതി പരിഹാര അദാലത്തുകളില്‍ നേരിട്ട് ലഭിച്ചതും പരിഹരിക്കപ്പെടാത്തതുമായ പരാതികള്‍ ജൂലൈ 14 ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ വകുപ്പ്തല മേധാവികളുമായി ചര്‍ച്ച നടത്തി പരിഹാരം കാണുമെന്ന് എഡിഎം ഷൈജു പി ജേക്കബ് യോഗത്തില്‍ അറിയിച്ചു. ജൂലൈ ആദ്യവാരം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അദാലത്ത് അവലോകന യോഗം നടത്തും. അദാലത്തില്‍ സ്വീകരിക്കപ്പെട്ട 1200 ഓളം പരാതികളില്‍ ഇതുവരെ തീരുമാനമാകാത്ത 647 പരാതികളിലുള്ള നടപടികള്‍ എത്രയും വേഗം എല്ലാ വകുപ്പുകളും പൂര്‍ത്തീകരിച്ച് അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു.
2023-24 വര്‍ഷം ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തുന്നതിന് ലഭിച്ച പദ്ധതി നിര്‍ദേശങ്ങളുടെ എസ്റ്റിമേറ്റ്, സ്ഥലലഭ്യത ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കണമെന്ന് മുന്‍ യോഗത്തില്‍ ജില്ലാകളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷത്തെ പദ്ധതി പ്രവൃത്തികളുടെ വിശദമായ എസ്റ്റിമേറ്റ് സമര്‍പ്പിച്ചതായി പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാത്തിക്കുടി വില്ലേജിലെ തേക്കിന്‍തണ്ട്, പെരിയാര്‍വാലി പ്രദേശങ്ങളിലെ പ്രളയബാധിതര്‍ക്കുള്ള പുനരധിവാസ തുടര്‍നടപടികളെ സംബന്ധിച്ച കളക്ടറുടെ ചോദ്യത്തിന് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് ദുരിതബാധിതര്‍ക്കുള്ള വസ്തു അനുവദിക്കാനും ധനസഹായം ലഭ്യമാക്കാനുമുള്ള അനുമതിക്കായി സര്‍ക്കാരിലേക്ക് ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്നും അടിയന്തര നടപടി സ്വീകരിക്കുമെന്നും എഡിഎം അറിയിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ വികസന പ്രവൃത്തികളുടെ പുരോഗതിയും സ്വീകരിക്കേണ്ട തുടര്‍നടപടികളും വിലയിരുത്തി. മുന്‍യോഗ തീരുമാനങ്ങളുടെ അവലോകനവും നടന്നു. ദേവികുളം സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ, ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് എം എം ബഷീര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
ചിത്രം:
ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം