പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം; 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ മുൻകൂർ അനുമതി വേണം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു. ഇനി മുതൽ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറുന്നതിന് ധനവകുപ്പിന്‍റെ മുൻകൂർ അനുമതി വേണം. നേരത്തെ ഈ നിയന്ത്രണത്തിന്‍റെ പരിധി 25 ലക്ഷമായിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെയാണ് തീരുമാനം.
ചട്ടം നടപ്പാക്കുന്നതിന് സോഫ്റ്റ്‌വെയറില്‍ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടർക്ക് നിർദ്ദേശം നൽകി. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് പ്രതിസന്ധി രൂക്ഷമായപ്പോൾ അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറ്റുന്നതിന് ധനവകുപ്പിന്‍റെ അനുമതി നിർബന്ധമാക്കിയിരുന്നു. സ്ഥിതി മെച്ചപ്പെട്ടതിന് ശേഷമായിരുന്നു പരിധി ഉയർത്തിയത്.
















































































































