കുമളിയിൽ കോവിഡ് വ്യാപനം രൂക്ഷം
കുമളി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പഞ്ചായത്തിലെ പെരിയാർ ആശുപത്രി സി.എഫ്.എൽ.ടി.സി.ക്കുപുറമെ, ഹോളിഡേ ഹോം, ആനക്കുഴി വി.ജി.എം.എസ്. എന്നിവ ഡൊമിസിലിയറി കെയർ സെന്ററുകളാക്കും. ഇരുസ്ഥലങ്ങളിലും 40 വീതം കിടക്കകൾ കോവിഡ് രോഗികൾക്ക് സജ്ജീകരിച്ചു. ഹോളിഡേ ഹോമിൽ ആവശ്യം വന്നാൽ കൂടുതൽ കിടക്ക തയ്യാറാക്കും. തോട്ടം മേഖലയ്ക്ക് സഹായമെന്ന രീതിയിലാണ് ആനക്കുഴി വി.ജി.എം.എസ്. ആശുപത്രി ഡി.സി.സി. സെന്ററാക്കിയത്.
മറ്റ് രോഗങ്ങളില്ലാത്ത കോവിഡ് രോഗികളും, വീടുകളിൽ കഴിയാൻ പറ്റാത്ത കോവിഡ് രോഗികളെയും ഡി.സി.സി.സെന്ററിൽ പ്രവേശിപ്പിക്കും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവർക്ക് ആവശ്യമായ ഭക്ഷണം, മരുന്നുകൾ എന്നിവ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ എത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. 75 കിടക്കകളാണ് കുമളി സി.എഫ്.എൽ.ടി.സി.യിൽ ഒരുക്കിയിരിക്കുന്നത്.
ഇവിടെ കോവിഡ് ഒ.പി.സംവിധാനം ഒരുക്കാനുള്ള പദ്ധതി നടപടി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാനൊരുങ്ങുകയാണ് പഞ്ചായത്ത്.
കോവിഡ് രോഗികളുടെ എണ്ണം 500 കവിഞ്ഞതും കഴിഞ്ഞ ദിവസങ്ങളിലായി നൂറോളം കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി ഇത്തരത്തിലുള്ള നടപടികൾ അധികൃതർ സ്വീകരിച്ചത്.