100 ഓക്സിജൻ കിടക്ക ഒരുക്കാൻ ടാറ്റാ ടീ ആശുപത്രി
മൂന്നാർ : മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് കൂടുതൽ ചികിത്സാ സൗകര്യങ്ങളുമായി ടാറ്റാ ടീ ഹൈറേഞ്ച് ആശുപത്രി രംഗത്ത്. വിവിധ സ്ഥലങ്ങളിലായി 100 ഓക്സിജൻ കിടക്കകളാണ് ആശുപത്രിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്നത്.
ഹൈറേഞ്ച് ആശുപത്രിയിൽ നിലവിലെ സൗകര്യങ്ങൾ കൂടാതെ അധികമായി 40, പഴയ മൂന്നാർ ശിക്ഷക് സദനിൽ 40, ലക്ഷ്മിറോഡിലുള്ള സ്കൗട്ട് സെൻററിൽ 20 എന്നിങ്ങനെയാണ് ഒാക്സിജൻ കിടക്കകൾ തയ്യാറാക്കുന്നത്.
നിലവിൽ പഴയ മൂന്നാറിലെ ശിക്ഷക് സദനിൽ നൂറോളം കോവിഡ് രോഗികളാണ് കഴിയുന്നത്. ഇവിടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 20 ഓക്സിജൻ കിടക്കകൾ അടുത്ത ദിവസം തയ്യാറാക്കുന്നുണ്ട്. എന്നാൽ ദിവസേന രോഗികളുടെ എണ്ണം വർധിക്കുന്നതിനെ തുടർന്നാണ് ടാറ്റാ കൺസ്യൂമർ പ്രൊഡക്ടസിനു കീഴിൽ മൂന്നാറിൽ പ്രവർത്തിക്കുന്ന ഹൈറേഞ്ച് ആശുപത്രിയുടെ നേതൃത്വത്തിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതെന്ന് ആശുപത്രി സി.എം.ഒ. ഡോ.ഡേവിഡ് സില്ലി പറഞ്ഞു. നിലവിൽ ഹൈറേഞ്ച് ആശുപത്രിയിൽ കോവിഡ് ചികിത്സാ സൗകര്യങൾ ലഭ്യമാണ്.