ഡാമുകളുടെ ബഫര്‍ സോണ്‍ 200 മീറ്ററില്‍ നിന്ന്20 മീറ്റര്‍ ആക്കി കുറച്ചതെന്ന് മന്ത്രി റോഷി


നിലവിലുള്ള നിര്‍മിതികള്‍ക്ക് ഭീഷണിയില്ല
തിരുവനന്തപുരം: ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമുകള്‍ക്ക് ചുറ്റും 20 മീറ്റര്‍ ബഫര്‍ സോണില്‍ നിലവിലുള്ള നിര്‍മിതികള്‍ക്ക് ഒരു തരത്തിലുള്ള ഭീഷണിയും ഉണ്ടാകില്ലെന്നു മന്ത്രി റോഷി അഗസ്റ്റിന്‍. ഇതു സംബന്ധിച്ച് ചില കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടാകുന്നത് വ്യാജ പ്രചാരണമാണ്. മുന്‍പ് 200 മീറ്റര്‍ ബഫര്‍ സോണ്‍ ഉണ്ടായിരുന്നത് 20 മീറ്ററായി കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ഉത്തരവ് പ്രകാരം ഡാമിന്റെ 20 മീറ്റര്‍ മാത്രമാണ് ബഫര്‍ സോണായി നിലനിര്‍ത്തുക. 2008 വരെ ഡിഫന്‍സ് ഓഫ് ഇന്ത്യ ചട്ട പ്രകാരം ബഫര്‍ സോണ്‍ 200 മീറ്ററായിരുന്നു. പിന്നീട് കേരള ഡാം സേഫ്റ്റി അതോറിറ്റി നിലവില്‍ വന്നപ്പോള്‍ ജലാശയങ്ങള്‍ക്കു ചുറ്റും നിര്‍മാണ അനുമതി തേടിയുള്ള അപേക്ഷകള്‍ എത്തുമ്പോള്‍ ഓരോ അപേക്ഷയും വ്യത്യസ്തമായി പരിഗണിച്ച് അനുമതി നല്‍കുന്നതായി പതിവ്. എന്നാല്‍ ദേശിയ ഡാം സുരക്ഷാ അതോറിറ്റി നിലവില്‍ വന്നതോടെ സംസ്ഥാന ഡാം സുരക്ഷാ അതോറിറ്റി പിരിച്ചു വിടേണ്ടിവന്നു. ഇതോടെ ഇത്തരം അപേക്ഷകളില്‍ തീരുമാനം എടുക്കാനുള്ള സംവിധാനവും ഇല്ലാതായി.
മുന്‍പുണ്ടായിരുന്ന ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ട് തന്നെ ഇക്കാലയളവില്‍ ഇല്ലാതായിരുന്നു. അതുകൊണ്ട് അതിലെ ചട്ടവും കാലഹരണപ്പെട്ടു. ഇതോടെ ഇത്തരം അപേക്ഷകളില്‍ അനുമതി നല്‍കാന്‍ സര്‍ക്കാരിന് മുന്നില്‍ ഒരു വ്യവസ്ഥയുമില്ലാത്ത സാഹചര്യം ഉരുത്തിരിയുകയും ചെയ്തു. വയനാട്ടില്‍ റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ കോടതി നിര്‍ദേശ പ്രകാരം ഇത്തരമൊരു നിയന്ത്രണം അനിവാര്യമായി മാറുകയും ചെയ്തു.
പാലക്കാട് മലമ്പുഴയില്‍ കാരവാന്‍ ടൂറിസത്തിന് അനുമതി നല്‍കുന്നതിലും നിയമ തടസമുണ്ടായി. അതോടൊപ്പം നിരവധി കെട്ടിട നിര്‍മാണ് അപേക്ഷയിലും തീരുമാനം എടുക്കാന്‍ കഴിയാത്ത സാഹചര്യവും കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ 20 മീറ്റര്‍ ബഫര്‍ സോണും 100 മീറ്റര്‍ എന്‍ഒസിയോടു കൂടിയുള്ള നിര്‍മാണ അനുമതിയും നല്‍കാന്‍ തീരുമാനമെടുത്തത്.
പഞ്ചായത്ത് ചട്ടങ്ങള്‍ പ്രകാരം ഡാമുകളുടെ സമീപം നിര്‍മാണ പ്രവര്‍ത്തനം നടത്തണമെങ്കില്‍ അതിന്റെ ഉടമസ്ഥാവകാശം ഏതു വകുപ്പിനാണോ ആ വകുപ്പില്‍ നിന്ന് നിരാക്ഷേപ പത്രം അനിവാര്യമാണെന്ന നിര്‍ദേശം 1986 മുതല്‍ കൃത്യമായി നടപ്പിലാക്കി വരുന്നതാണ്. എന്‍ഒസിക്കായി ജലവിഭവ വകുപ്പിനെ ബന്ധപ്പെടുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളില്‍ വ്യക്തത ഇല്ലാത്ത സാഹചര്യത്തില്‍ അനുമതി നിഷേധിക്കുകയായിരുന്നു പതിവ്. പുതിയ ഉത്തരവ് വന്നതോടെ അപേക്ഷകളില്‍ ഉടനടി തീരുമാനമെടുക്കാന്‍ സാധിക്കും.
ഡാമുകളുടെ പരമാവധി ശേഖരണ അളവില്‍ നിന്ന്് 200 മീറ്റര്‍ ബഫര്‍ സോണ്‍ എന്നുളളത് 20 മീറ്ററായി കുറയ്ക്കുകയാണ് ഫലത്തില്‍ സര്‍ക്കാര്‍ ചെയ്തത്. അതാണ് പുതിയതായി 20 മീറ്റര്‍ ബഫര്‍ സോണായി പ്രഖ്യാപിച്ചു എന്ന തരത്തില്‍ വളച്ചൊടിക്കുന്നത്. ഇടുക്കിയിലെ മലങ്കര ഡാമിനു ചുറ്റുമുള്ളതു പോലുള്ള പ്രദേശങ്ങളില്‍ ഇതിനുള്ളിലും ജനവാസ കേന്ദ്രം ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ ഇളവ് നല്‍കുന്നത് പരിഗണിക്കാവുന്നതാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.