ജൂൺ 23 ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തണം;ജൂൺ 24ന് വിദ്യാഭ്യാസ ഓഫീസുകളിലും:മന്ത്രി വി ശിവൻകുട്ടി


ജൂൺ 23ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇടുക്കി അണക്കര സ്‌കൂള്‍ ഗ്രീന്‍ ക്യാമ്പസ് ക്ലീന്‍ ക്യാമ്പസ് ആയി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത് . രാവിലെ സ്‌കൂളുകളിൽ ആരോഗ്യ അസംബ്ലി ചേരണം. പ്രഥമാദ്ധ്യാപകൻ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിക്കണം. തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ സ്കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. പതിവ് പോലെ തുടർന്ന് ക്‌ളാസുകൾ നടത്തണം. ജൂൺ 24ന് എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി നിർദേശിച്ചു. തിരുവനന്തപുരം പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ രാവിലെ 9 മണിയ്ക്ക് സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ആരോഗ്യ അസ്സെംബ്ലിയിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന സന്ദേശത്തിൽ ഉൾപ്പെടുത്തേണ്ടത് :-
മഴക്കാലത്ത് കൊതുക് ജന്യ രോഗങ്ങളായ ഡെങ്കി, സിക്ക എന്നിവയും ഇൻഫ്‌ളുവൻസ തുടങ്ങിയ രോഗങ്ങളും പെട്ടെന്ന് പടരാനുള്ള സാധ്യതയുണ്ട്.
ഇത് പകർച്ചപ്പനിയുടെ കാലമാണ് പനി വരാതിരിക്കാനും പടരാതിരിക്കാനും ശ്രദ്ധയോടെ കരുതൽ എടുക്കണം.
പനിയുണ്ടെങ്കിൽ മാതാപിതാക്കളേയോ /രക്ഷിതാക്കളെയോ/ അധ്യാപകരെയോ അറിയിക്കണം.
പനി ചികിസിക്കണം, ഡോക്ടറുടെ അടുത്ത്പോയി ചികിത്സിക്കണം .
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം.
കെട്ടികിടക്കുന്ന വെള്ളത്തിലും ചെളിയിലും ഇറങ്ങരുത്.
കൈകാലുകളിൽ മുറിവ് ഉണ്ടെങ്കിൽ മണ്ണിലിറങ്ങരുത്, ചെളിയിലോ കെട്ടികിടക്കുന്ന വെള്ളമായോ സമ്പർക്കം അരുത്.
ഇൻഫ്ളുവൻസ രോഗം പകരാതിരിക്കാൻ മാസ്ക് ധരിക്കുന്നതാണ് നല്ലത്.
കൊതുക് മുട്ടയിട്ട് കൂത്താടി വരുന്നത് കെട്ടികിടക്കുന്ന വെള്ളത്തിലായതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.
ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പടർത്തുന്നത്.
കൊതുകുകളുടെ ഉറവിടങ്ങളായ കെട്ടികിടക്കുന്ന വെള്ളം സ്‌കൂളുകളിൽ ഉണ്ടെങ്കിൽ അധ്യാപകരെയും, വീട്ടിലാണെങ്കിൽ മാതാപിതാക്കളെയോ രക്ഷിതാക്കളെയോ അറിയിക്കണം.
പരിസരവും വൃത്തിയായി സൂക്ഷിക്കണം, ഇതിൽ മാതാപിതാക്കൾ ആവശ്യപ്പെടുന്ന ചെറിയ സഹായങ്ങൾ അവരുടെ സാമിപ്യത്തിലും നിരീക്ഷണത്തിലും ചെയ്യുന്നത് നല്ലതാണ്.
വീടുകളിലെ ചെടികൾക്കിടയിലെ ട്രേ, ഫ്രിഡ്ജിനടിയിലെ ട്രേ, എന്നിവിടങ്ങളിൽ കൊതുകുകളുടെ കൂത്താടികൾ വളരും, മാതാപിതാക്കളെ അറിയിച്ച് അവ ഒഴിവാക്കുന്നതിന് അഭ്യർത്ഥിക്കണം.
കിളികളും, വവ്വാലുകളും കഴിച്ചതിന്റെ ബാക്കി പഴങ്ങൾ കഴിക്കരുത് .
വൃത്തിയായി കഴുകിയ ശേഷം മാത്രമേ അല്ലാത്ത പഴവർഗ്ഗങ്ങൾ കഴിക്കാൻ പാടുള്ളു.
കുട്ടികൾക്ക് പനിയോ ക്ഷീണമോ ഉണ്ടെങ്കിൽ അധ്യാപകരെ അറിയിക്കാൻ മടിക്കരുത് .
പനിയെ പേടിക്കേണ്ട, നമുക്ക് ശ്രദ്ധയോടെ പ്രതിരോധിക്കാം.