അനുമതിയില്ലാതെ കമ്പനികൾക്ക് പണം നൽകരുത്; എഐ ക്യാമറ വിവാദത്തിൽ ഹൈക്കോടതി ഇടപെടൽ
എ ഐ ക്യാമറ വിവാദത്തിൽ ഇടപെട്ട് കേരള ഹൈക്കോടതി. ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിശോധിക്കണം. കോടതിയുടെ അനുമതിയില്ലാതെ ബന്ധപ്പെട്ട കമ്പനികൾക്ക് പണം നൽകരുതെന്നും കോടതി നിർദേശിച്ചു. അഴിമതി ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സർക്കാർ അടക്കമുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംയുക്തമായിട്ടാണ് എഐ ക്യാമറാ വിവാദം കോടതിയുടെ മുന്നിലെത്തിച്ചത്. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് എഐ ക്യാമറ ഇടപാട് നടത്തിയത്. വലിയ കുംഭകോണമാണി ഇതിൽ നടന്നിട്ടുള്ളത്. എല്ലാം വിശദമായി പഠിച്ച ശേഷമാണ് തങ്ങൾ കോടതിയെ സമീപിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്‌റിറ്റും കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള കരാറുകളും മറ്റ് ഉപകരാറുകളും റദ്ദാക്കണമെന്നായിരുന്നു പൊതുതാത്പര്യ ഹർജിയിലെ ആവശ്യം. സ്‌റിറ്റിന് ടെൻഡർ യോഗ്യതയില്ലെന്നും പ്രഖ്യാപിക്കുന്നിനൊപ്പം എ.ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ പറയുന്നു.
എ.ഐ ക്യാമറ പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനു രമേശ് ചെന്നിത്തലയും പൊതുതാൽപ്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ടെൻഡർ യോഗ്യതകളില്ലാത്ത സ്‌റിറ്റിന് നിയമം ലംഘിച്ച് കരാർ നൽകി. ചട്ടങ്ങൾക്ക് വിരുദ്ധമായി സ്‌റിറ്റ് പ്രസാഡിയോ, അശോക ഉൾപ്പെടെയുള്ള കമ്പനികൾക്ക് ഉപകരാർ നൽകിയതിലൂടെ സർവീസ് ചാർജിനത്തിൽ കോടികൾ തട്ടിയെടുത്തു. 236 കോടി രൂപയുടെ പദ്ധതിയിൽ അഴിമതി നടത്തുക എന്ന ഉദ്ധേശത്തോടു കൂടിയായിരുന്നു കെൽട്രോണും സ്‌റിറ്റുമടക്കം കരാറിലേർപ്പെട്ടതെന്നും സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേന നൽകിയ ഹർജിയിൽ സതീശനും ചെന്നിത്തലയും വാദമുന്നയിച്ചു. കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള കരാർ, സ്‌റിറ്റും കെൽട്രോണും ഒപ്പിട്ട കരാർ, സ്‌റിറ്റ് നടത്തിയ മറ്റ് ഉപകരാറുകൾ ഇവയെല്ലാം റദ്ദാക്കണമെന്നും സാങ്കേതിക പരിജ്ഞാനമില്ലാത്ത സ്‌റിറ്റിന് ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.