ഗ്രാമീണ ഭവനങ്ങളില്‍ ശുദ്ധജലം ഉറപ്പ് വരുത്തുക സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി റോഷി അഗസ്റ്റിന്‍
എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം ഉറപ്പ് വരുത്തുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജല്‍ജീവന്‍ മിഷന്‍ 2020-24 ചക്കുപള്ളം ഗ്രാമപഞ്ചായത്ത് ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുണനിലവാരമുള്ള ശുദ്ധമായ ജലം ലഭ്യമാക്കുക എന്നതാണ് പ്രധാനം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ വാട്ടര്‍ അതോറിറ്റി നടപ്പിലാക്കി വരികയാണ്. 140 മണ്ഡലങ്ങളിലും ശുദ്ധജലം എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇടുക്കി ജില്ലയില്‍ 2757 കോടി രൂപയുടെ ഭരണാനുമതി നല്‍കി കഴിഞ്ഞു. പീരുമേട് നിയോജകമണ്ഡലത്തില്‍ 408 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ആദ്യഘട്ടത്തില്‍ പൂര്‍ണമായും ഭരണാനുമതി നേടിയെടുത്ത ചുരുക്കം നിയോജകമണ്ഡലങ്ങളിലൊന്നാണ് പീരുമേടെന്നും വാഴൂര്‍ സോമന്‍ എംഎല്‍എ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു. വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ചക്കുപള്ളം ഗ്രാമപഞ്ചായത്തും പൊതുജന പങ്കാളിത്തത്തിലൂടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ചക്കുപള്ളം പഞ്ചായത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ടാപ്പുവഴി ശുദ്ധമായ കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തില്‍ 3705 കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 3788.37 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. തേക്കടി തടാകമാണ് പദ്ധതിയുടെ സ്രോതസ്സ്. കുമളി ഒന്നാംമൈലില്‍ അമരാവതി സ്‌കൂളിന് സമീപം സ്ഥാപിക്കുന്ന 25 എം എല്‍ ഡി ശുദ്ധീകരണ പ്ലാന്റില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ഒട്ടകത്തലമേട്, ചക്കുപള്ളം മാര്‍ക്കറ്റിന് സമീപം എന്നിവിടങ്ങളിലെ ജലസംഭരണികളില്‍ എത്തിക്കുകയും അവിടെ നിന്നും വിവിധ അളവുകളിലുള്ള വിതരണ ശൃംഖല വഴി പഞ്ചായത്തിലെ എല്ലാ ഭവനങ്ങളിലും കുടിവെള്ള കണക്ഷന്‍ നല്‍കി ശുദ്ധജലം വിതരണം ചെയ്യുന്നതാണ് പദ്ധതി. ചക്കുപള്ളം പഞ്ചായത്തിലെ വിതരണ ശൃംഖല സ്ഥാപിക്കലും കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളുമാണ് ആദ്യഘട്ടമെന്ന നിലയില്‍ ആരംഭിക്കുന്നത്. പ്രവര്‍ത്തിയുടെ മറ്റു ഘടകങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ മൂന്ന് സോണുകള്‍ ആക്കി തിരിച്ച് 139.8 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച് 3705 കണക്ഷനുകള്‍ നല്‍കും. 2024 ഓടെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. ഒട്ടകതലമേട്ടില്‍ ജലസംഭരണി സ്ഥാപിക്കുന്നതിനായി 8 സെന്റ് സ്ഥലം വിട്ടു നല്‍കിയ ശിവഗിരി മഠത്തെ ചടങ്ങില്‍ ആദരിച്ചു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാരിച്ചന്‍ നീര്‍ണാകുന്നേല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്മിണി ഗോപാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കുസുമം സതീഷ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കേരള വാട്ടര്‍ അതോറിറ്റി കട്ടപ്പന പ്രോജക്ട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സുധീര്‍ എം, സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.