മണിയാറൻകുടി-ഉടുമ്പന്നൂര്‍ റോഡ് ഉടനടി യാഥാര്‍ത്ഥ്യമാകും : മന്ത്രി റോഷി അഗസ്റ്റിന്‍
ഏറെ നാളത്തെ പരിശ്രമത്തിന്റെ ഫലമായി തടസ്സങ്ങളെല്ലാം നീക്കി മണിയാറംകുടി – കൈതപ്പാറ – ഉടുമ്പന്നൂര്‍ റോഡ് ഉടനടി യാതാര്‍ത്ഥ്യമാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പരിഹാരവനവത്കരണ പദ്ധതിപ്രകാരം വനംവകുപ്പിന്റെ ഭൂമിക്ക് പകരമായി കാന്തല്ലൂര്‍ വില്ലേജില്‍ നിന്ന് 30 ഏക്കര്‍ സ്ഥലം സര്‍വെ ചെയ്തു നല്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി സ്ഥലം ഒരാഴ്ചക്കുള്ളില്‍ അളന്നു നല്കാന്‍ ജില്ലാകളക്ടര്‍ ദേവികുളം തഹസീല്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കുടിയേറ്റ പാതയായ മണിയാറംകുടി – കൈതപ്പാറ – ഉടുമ്പന്നൂര്‍ റോഡ് മണിയാറംകുടിയില്‍ നിന്നും തൊടുപുഴയ്ക്കുള്ള എളുപ്പവഴിയാണ്. ഈ റോഡിന്റെ പണി പൂര്‍ത്തിയായാല്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് വാണിജ്യ – ജോലി ആവശ്യങ്ങള്‍ക്ക് തൊടുപുഴയ്ക്ക് പോകാന്‍ സാധിക്കും. ജീപ്പ്, ബൈക്ക് പോലുള്ള വാഹനങ്ങള്‍ മാത്രമാണ് നിലവില്‍ ഈ വഴി കടന്നു പോകുന്നത്.
ആറു മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡില്‍ വേളൂര്‍ ചെക്പോസ്റ്റ് മുതല്‍ മണിയാറംകുടി ചെക്പോസ്റ്റ് വരെ പട്ടയഭൂമി ഒഴിവാക്കി 18.29 കിലോമീറ്റര്‍ ദൂരമാണ് വനംവകുപ്പിന്റെ ഭൂമി. ജില്ലയിലെ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും ജനപ്രതിനിധികളുടെയും പ്രയത്‌നത്തിനോടുവിലാണ് റോഡിന് നിര്‍മാണ അനുമതി ലഭിച്ചത്.