ബൈസണ്‍വാലി ചൊക്രമുടിയ്‌ക്ക് സമീപത്തായി വനവാസികളുടെ ക്ഷേത്ര- ഉടമസ്ഥതയില്‍ വരുന്ന സ്ഥലം കൈയ്യേറി റിസോര്‍ട്ട് മാഫിയ
ഇടുക്കി: ബൈസണ്‍വാലി ചൊക്രമുടിയ്‌ക്ക് സമീപത്തായി വനവാസികളുടെ ക്ഷേത്ര- ഉടമസ്ഥതയില്‍ വരുന്ന സ്ഥലം കൈയ്യേറി റിസോര്‍ട്ട് മാഫിയ. ഈ പ്രദേശത്തെ വനവാസികളുടെ പൂര്‍വികര്‍ തലമുറകളായി ഉപയോഗിച്ചു വന്നിരുന്ന കല്ലമ്ബലത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് മാഫിയ കൈയ്യേറിയത്. റിസോര്‍ട്ട് മാഫിയ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് റോഡ് നിര്‍മിച്ചതായും പ്രദേശവാസികളുടെ പരാതിയില്‍ പറയുന്നു.
ആദിവാസി വിഭാഗത്തില്‍പ്പെട്ട മുതുവാന്മാര്‍ ഇപ്പോഴും പൂജ നടത്തുന്ന ക്ഷേത്രമാണ് ചൊക്രമുടിയിലെ കല്ലമ്ബലം. റവന്യൂ വകുപ്പ് മന്ത്രി, വനം വകുപ്പ് മന്ത്രി, പട്ടികവര്‍ഗ വികസനവകുപ്പ് മന്ത്രി, ദേവികുളം ഡിഎഫ്‌ഒ, മൂന്നാര്‍ ഡിവൈഎസ്പി, ദേവികുളം സബ് കളക്ടര്‍ എന്നിവര്‍ക്കാണ് ചൊക്രമുടിയിലെ ആദിവാസികള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്.
ചൊക്രമുടിയിലെ കാണി കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് പരാതി തയ്യാറാക്കിയിരിക്കുന്നത്. പരാതിയില്‍ 127 വനവാസികള്‍ ഒപ്പുവെച്ചിട്ടുണ്ട്. വനഭൂമി കൈയേറി ഹോംസ്റ്റേ, ടെൻറുകള്‍ എന്നിവ നടത്തുന്ന മാഫിയയാണ് റോഡുനിര്‍മാണത്തിന് പിന്നിലെന്ന് ഇവര്‍ ആരോപിക്കുന്നു. ചൊക്രമുടിയില്‍ അതിമനോഹരമായ ഭൂപ്രകൃതിയായതിനാല്‍ ടൂറിസത്തിന് സാധ്യതകള്‍ കൂടുതലാണെന്നത് കണക്കിലെടുത്ത് കൂടിയാണ് ടൂറിസം മാഫിയയുടെ ഈ കയ്യേറല്‍.
ചൊക്രമുടി
ഇരവികുളം നാഷണല്‍ പാര്‍ക്കിനുള്ളിലാണ് ചൊക്രമുടി സ്ഥിതി ചെയ്യുന്നത്. നീലക്കുറിഞ്ഞിപ്പൂക്കള്‍ ഇവിടെയും പൂക്കാറുണ്ട്. രാജമലയ്‌ക്കും മീശപ്പുലിമലയ്‌ക്കും പുറമേ, വരയാടുകള്‍ പാര്‍ക്കുന്ന ഇടമാണ് ചൊക്രമുടി. ഇടുക്കി ഡാം, ആനമുടി തുടങ്ങിയവയുടെ അതിമനോഹരമായ ദൃശ്യങ്ങള്‍ ഇവിടെ നിന്നും കാണാം.
ചൊക്രമുടിയിലേക്ക് പോകണമെങ്കില്‍ സഞ്ചാരികള്‍ ആദ്യം എത്തേണ്ടത് മൂന്നാറിലാണ്. അവിടെ നിന്ന് ദേവികുളം വഴി ചിന്നക്കനാല്‍ എത്തിയാല്‍ ക്യാപ് റോഡ് വഴി ചൊക്രമുടിയിലേക്ക് ട്രക്കിങ് തുടങ്ങും. തുടക്കക്കാര്‍ക്ക് ട്രെക്കിംഗിന് ഏറ്റവും മികച്ച ഇടമാണ് ചൊക്രമുടി. ചുറ്റുമുള്ള മറ്റു ട്രെക്കിങ് സ്ഥലങ്ങളെ അപേക്ഷിച്ച് നോക്കുമ്ബോള്‍, താരതമ്യേന എളുപ്പമാണ് ചൊക്രമുടി ട്രെക്കിംഗ്. ഏകദേശം പത്തു കിലോമീറ്റര്‍ ദൂരം, 3-5 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാം.
ട്രെക്കിങ്ങിനിടെ ആന, കാട്ടുപോത്ത്, പുലി, സാമ്ബാ ഡീയര്‍, നീലഗിരി ഡിയര്‍ തുടങ്ങിയ മൃഗങ്ങളെയും കാണാം. ചൊക്രമുടിയില്‍ ക്യാമ്ബ് ചെയ്യാൻ ആഗ്രഹമുള്ളവര്‍ക്ക് അതിനും അവസരമുണ്ട്, ഈ പരിസരങ്ങളില്‍ സഞ്ചാരികള്‍ ടെൻറടിച്ചു താമസിക്കാറുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലും ലൈസൻസ് ഉള്ള സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരും ചൊക്രമുടി ട്രെക്കിങ് പാക്കേജ് നടത്തുന്നുണ്ട്. പോകുന്ന സമയത്ത് ഇത് ലഭ്യമാണോ എന്ന് അന്വേഷിച്ചിട്ട് വേണം യാത്ര തുടങ്ങാൻ.
ശൈത്യകാലമാണ് ഇവിടം സന്ദര്‍ശിക്കാൻ ഏറ്റവും അനുയോജ്യം. ഡിസംബറോടെ ചുറ്റുമുള്ള താഴ്വരകള്‍ മുഴുവൻ മൂടല്‍മഞ്ഞ് മൂടും. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്ത്, ഈ മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്കൊപ്പം, തണുപ്പ് ആസ്വദിച്ചു കൊണ്ട് ട്രെക്കിങ് നടത്താം.