സൗദിയിൽ ഉച്ചവിശ്രമ നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തിൽ; വിശ്രമ സമയം ഉച്ചക്ക് 12 മുതൽ 3 വരെ


സൗദി അറേബ്യയില്‍ ഉച്ച വിശ്രമ നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു.
വേനല്‍ അതികഠിനമായ സാഹചര്യത്തില്‍ ഉച്ചക്ക് 12 മുതല്‍ 3 മണി വരെ പുറം ജോലി ചെയ്യുന്നതിനാണ് നിരോധനം. ജൂണ്‍ 15 മുതല്‍ 2023 സെപ്റ്റംബര്‍ 15 വരെ മൂന്നു മാസം ഉച്ചവിശ്രമ നിയമം ബാധകമാണ്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്തുമായി ഏകോപനം നടത്തിയാണ് നിരോധനം നടപ്പിലാക്കുന്നത്.
സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനാണ് ഉച്ച വിശ്രമ നിയമം. നിയമം പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയം ക്രമീകരിക്കാനും തീരുമാനം നടപ്പിലാക്കാനും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.
വേനല്‍ കടുത്തതോടെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചവിശ്രമ നിയമം ലംഘിക്കുന്നത് സംബന്ധിച്ച് 19911 ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.