ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ സമരവും, അപവാദ പ്രചാരണവും വർധിക്കുന്നു: കെ സി ബി സി
കൊച്ചി: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള സമരങ്ങളും അപവാദപ്രചാരണങ്ങളും വര്‍ധിക്കുന്നതായും ഇത്തരത്തില്‍ സ്ഥാപനങ്ങളെ തകര്‍ക്കാൻ ശ്രമിക്കുന്നവരുടെ അജണ്ട തിരിച്ചറിയണമെന്നും കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി) വര്‍ഷകാല സമ്മേളനം. സമാന വിഷയങ്ങള്‍ മറ്റ് സ്ഥാപനങ്ങളില്‍ ഉണ്ടാകുമ്ബോള്‍ മൗനം പാലിക്കുന്ന രാഷ്ട്രീയ, സമുദായ സംഘടനകള്‍ ക്രൈസ്തവ സ്ഥാപനങ്ങളില്‍ മാത്രം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കപ്പെടുമെന്നും കെ.സി.ബി.സി അഭിപ്രായപ്പെട്ടു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പ്രവര്‍ത്തനങ്ങളും പീഡനങ്ങളും വിലയിരുത്തിയ മെത്രാന്‍ സമിതി, മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ നിയന്ത്രിക്കണമെന്നും മണിപ്പൂരില്‍ എത്രയും വേഗം സമാധാനം ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു.
വന്യജീവികളുടെ വര്‍ധന നിയന്ത്രിക്കാനും മലയോര കര്‍ഷകരുടെയും ജനങ്ങളുടെയും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനും വന്യജീവി നിയമത്തില്‍ ഭേദഗതി വരുത്താനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ബഫര്‍സോണ്‍ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കണമെന്നും ത്രിദിന സമ്മേളനം ആവശ്യപ്പെട്ടു.
കേരളസഭ നവീകരണ ഭാഗമായി ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന്തീയതികളില്‍ വല്ലാര്‍പാടം ബസിലിക്കയില്‍ കേരളസഭയുടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്താനും സമ്മേളനം തീരുമാനിച്ചു.