മലയാള തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി.
1985-ൽ ജേസി സംവിധാനം ചെയ്ത ‘ഈറൻ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിക്കൊണ്ടാണ് ഡെന്നിസ് ജോസഫ് സിനിമയില്‍ എത്തിയത്. ‘മനു അങ്കിൾ’ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. മമ്മൂട്ടി നായകനായി എത്തിയ ചിത്രം തിയേറ്ററില്‍ നൂറു ദിവസങ്ങള്‍ ഓടി, ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.
സൂപ്പര്‍ ഹിറ്റുകളായ ‘രാജാവിന്റെ മകൻ’, ‘ന്യൂഡൽഹി’, ‘സംഘം’, ‘നമ്പർ 20 മദ്രാസ് മെയിൽ’, ‘കോട്ടയം കുഞ്ഞച്ചൻ’ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവാണ്. ‘അഗ്രജൻ’, ‘തുടർക്കഥ’, ‘അപ്പു’, ‘അഥർവ്വം’ തുടങ്ങിയവയാണ് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.
ഭാര്യ: ലീന. മക്കൾ: എലിസബത്ത്, റോസി, ജോസ്
ഓര്‍മ്മകളുടെ റീല്‍ തിരിയുമ്പോള്‍; ഡെന്നിസ് ജോസഫ്, ഓര്‍മ്മ ചിത്രങ്ങള്‍
ഇടറുന്ന വിരലുകളോടെ പ്രണാമം ഡെന്നീസ്; പ്രിയപ്പെട്ടവന് ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമാ ലോകം
‘ലോക സിനിമയിലെ അതുല്യ സംവിധായകൻ സാക്ഷാൽ സത്യജിത്ത് റേ കാണാൻ താല്പര്യമെടുത്ത മലയാളത്തിലെ ഏക മുഖ്യധാരാ സിനിമയാണ് ഡെന്നിസ് ജോസഫ്- ജോഷി കൂട്ടുകെട്ടിലെ ന്യൂഡല്‍ഹി’ ഫെഫ്ക സംവിധായക യൂണിയന്‍ ഡെന്നിസ് ജോസഫിന്റെ മരണത്തില്‍ അനുശോചനമറിയിച്ചു കൊണ്ട് കുറിച്ചു.
‘ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്സ്മാന്‍ മണിരത്നം ‘ഷോലെ ‘ കഴിഞ്ഞാൽ ഇന്ത്യൻ കൊമേഴ്‌സ്യൽ സിനിമയിലെ ഏറ്റവും മികച്ച തിരക്കഥയെന്ന് വാഴ്ത്തിയ ന്യുഡൽഹി ..!! ‘ന്യൂഡല്‍ഹിയും,’ ‘ആകാശദൂതും,’ ‘കോട്ടയം കുഞ്ഞച്ചനും’ !! മൂന്ന് സംവിധായകർക്കൊപ്പം മൂന്ന് വ്യത്യസ്ത ഴോണറുകളിൽ തീർത്ത തിരക്കഥാ വൈഭവം. ‘രാജാവിന്റെ മകനി’ലൂടെ മോഹൻലാലിനും ന്യൂഡല്‍ഹിയിലൂടെ മമ്മൂട്ടിക്കും താരസിംഹാസനം പണിത അക്ഷരക്കൂട്ട്. ഒരേയൊരു എഴുത്തുകാരൻ, ഡെന്നീസ് ജോസഫ്!’
ഡെന്നിസ് ജോസഫിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ‘ജനപ്രിയ സിനിമകളുടെ ശിൽപിയാണ് ഡെന്നിസ് ജോസഫ്. പ്രേക്ഷകമനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന ഒട്ടേറെ ഹിറ്റ് സിനിമകൾ അദ്ദേഹത്തിന്റേതായുണ്ട്. എഴുത്തിൽ വിസ്മയം തീർത്ത വ്യക്തിയായിരുന്നു,’ മുഖ്യമന്ത്രി കുറിച്ചു.
ചലച്ചിത്ര കലയെ ജനങ്ങൾക്ക് കൂടുതൽ സ്വീകാര്യമാക്കുന്ന സംഭാവനയാണ് ശ്രദ്ധേയമായ തിരക്കഥകളിലൂടെ അദ്ദേഹത്തിൽ നിന്നും ഉണ്ടായത്. ഡെന്നിസിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.