ഒഡിഷയിലെ ദുരന്ത ഭൂമിയിൽ നിന്ന് മൃതദേഹങ്ങൾ മുഴുവനായി നീക്കി; അപകട കാരണം തിരിച്ചറിഞ്ഞെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്
ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ ഉന്നത തല അന്വേഷണം പൂർത്തിയായതായി റെയിൽവേ അധികൃതർ അറിയിച്ചു. റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും അപകടത്തിന്റെ കാരണം തിരിച്ചറിഞ്ഞെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇലക്ട്രോണിക് ഇന്റർ ലോക്കിങ്ങിലെ പിഴവാണ് അപകട കാരണം. ഇന്നുതന്നെ ട്രാക്ക് പുനഃസ്ഥാപിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദുരന്ത ഭൂമിയിൽ നിന്ന് മൃതദേഹങ്ങൾ മുഴുവനായി നീക്കി. ബുധനാഴ്ച രാവിലെയോടെ ഗതാഗതം പുനസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. അപകടത്തെക്കുറിച്ച് എല്ലാ പഴുതുകളും അടച്ചുള്ള കൃത്യമായ അന്വേഷണം നടത്തുമെന്നും അപകടത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നും ഇന്നലെ ബാലസോറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഉയരുകയാണ്. 288 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ആയിരത്തോളം പേരാണ് അപകടത്തിൽ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ പലരുടേയും നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്.
തകർന്ന് കിടക്കുന്ന ബോഗികൾ മാറ്റുന്നതിനിടെ വീണ്ടും മൃതദേഹങ്ങൾ കണ്ടെത്തുന്ന ദാരുണമായ കാഴ്ചകൾക്കാണ് ഇന്നലെ ഏറെ വൈകിയും ബലാസോർ സാക്ഷ്യം വഹിച്ചത്. ദുരന്തനിവാരണ പ്രവർത്തനത്തിനായി തകർന്ന ബോഗികൾ മാറ്റുന്നതിനിടെയാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ 56 പേരുടെ നില ഗുരുതരമാണ്. മരിച്ച ഭൂരിഭാഗം പേരുടെയും മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.