കോവിഡ് പ്രതിരോധത്തിന് ജില്ലയില്‍ പരിശീലനം നേടിയ നൂറ് സന്നദ്ധ പ്രവര്‍ത്തകര്‍ കൂടി
ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നതിന് നൂറ് പുതിയ സന്നദ്ധ പ്രവര്‍ത്തകര്‍ കൂടി തിരഞ്ഞെടുക്കപ്പെട്ടു. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, തൊടുപുഴ സര്‍വീസ് സഹകരണ ബാങ്ക്, തൊടുപുഴ വോളണ്ടിയേഴ്സ് ടീം എന്നിവയുടെ സഹകരണത്തോടെ തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 യുവതീ യുവാക്കളാണ് രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്.
ഓരോ ദിവസവും 50 പേര്‍ക്ക് വീതമാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസിനുമൊപ്പമാകും പുതിയ സന്നദ്ധ പ്രവര്‍ത്തകരുടേയും സേവനം പ്രധാനമായും ലഭ്യമാകുക. ഇതിന് പുറമേ സിഎസ്എല്‍റ്റിസികള്‍, ഡിസിസികള്‍, വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും സന്നദ്ധ പ്രവര്‍ത്തകരെത്തും. ഇതോടൊപ്പം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന പരിശോധനകളിലും പ്രവര്‍ത്തനങ്ങളിലും ഇവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഭക്ഷണ വിതരണത്തിലും നിലവിലുള്ള സംഘത്തോടൊപ്പം പുതുതായെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ സജീവമാകും.
തൊടുപുഴയില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം തൊടുപുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ബാബു നിര്‍വഹിച്ചു. ചടങ്ങില്‍ വോളന്റിയര്‍ ക്യാപ്റ്റന്‍ പി.കെ. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ്. ബിന്ദു സ്വാഗതം ആശംസിച്ചു. ആര്‍ദ്രം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ഖയസ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. കെ.സി. ചാക്കോ, സിസ്റ്റര്‍ സിനി, സീമ, സുമേഷ്, മുനിസിപ്പല്‍ നോഡല്‍ ഓഫീസര്‍ ജോണി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മുന്‍സിപ്പല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ഷിജി ജെയിംസ് ചടങ്ങില്‍ കൃതജ്ഞത രേഖപ്പെടുത്തി. സിനിമ സംവിധായകന്‍ മേജര്‍ രവി, തണ്ടര്‍ ഫോഴ്സ് സെക്യൂരിറ്റീസ് എം.ഡി. അനില്‍കുമാര്‍ നായര്‍ എന്നിവര്‍ പരിശീലന ക്യാമ്പ് സന്ദര്‍ശിച്ചു.