വേദന പങ്കുവയ്ക്കാന്‍ വാക്കുകളില്ല, ട്രെയിന്‍ ദുരന്തത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി


രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായ ഒഡിഷയിലെ ബഹനാഗയിലെത്തി അപകടത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്നും അപകടത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പരുക്കേറ്റവരോട് വിവരങ്ങള്‍ തേടിയ പ്രധാനമന്ത്രി മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പറഞ്ഞു.വേദന പങ്കുവയ്ക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. അപകടത്തിന്റെ എല്ലാ വശങ്ങളും അറിയാന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാരെ വെറുതെ വിടില്ല. ഒഡിഷയില്‍ പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ട്രെയിന്‍ ഗതാഗതം ഉടന്‍ പുനസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ബലാസോറിലെത്തിയത്. ഭുവനേശ്വറില്‍ നിന്നാണ് ഹെലികോപ്റ്റര്‍ മാര്‍ഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. ബലാസോറിലെത്തിയ നരേന്ദ്രമോദിയെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് അശ്വിനി വൈഷ്ണവ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരിച്ചു.
ഇന്നലെയുണ്ടായ ദുരന്തത്തില്‍ 261 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ 300നടുത്ത് ആളുകള്‍ മരിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും ആശുപത്രിയിലെത്തിക്കുന്നതിനുമായുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ഒഡിഷയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു. 19ഓളം മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. ആയിരത്തോളം പേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.