കോഴിക്കോട് കിണര്‍ വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി


കോഴിക്കോട്: കോഴിക്കോട് കിണര്‍ വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. മാവൂര്‍ കുറ്റിക്കടവ് സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ പറമ്ബിലെ കിണറില്‍ ഇറങ്ങിയ അബ്ദുല്‍ സലീമിനെ (48) ആണ് രക്ഷപ്പെടുത്തിയത്. വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ ഇയാള്‍ തിരിച്ചു കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. 60 അടി താഴ്ചയുള്ള കിണറിലാണ് അപകടം വന്നത്.
വെള്ളിമാടുകുന്ന് സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസറായ എം.ടി.റാഷിദ്, ചെയര്‍ നോട്ടിന്റെ സഹായത്തോടെ കിണറില്‍ ഇറങ്ങിയാണ് റെസ്ക്യു നെറ്റില്‍ അബ്ദുല്‍ സലീമിനെ പുറത്തെത്തിച്ചത്.
സ്റ്റേഷൻ ഓഫിസര്‍ ഇൻ ചാര്‍ജ് അനില്‍ കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ വി.കെ.നൗഷാദ്, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍മാരായ ബി.കെ.അനൂപ്, ആര്‍.മിഥുൻ, എ.പി.ജിതേഷ്, അനീഷ് കുമാര്‍, സതീഷ് മായങ്ങോട്ട്, സെന്തില്‍ കുമാര്‍ എന്നിവരും ഹോം ഗാര്‍ഡുമാരായ ഹമീദ്, തോമസ് ജോണ്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.
കിണര്‍ വൃത്തിയാക്കുന്നതിന്നിടെ കിണറില്‍ വീണു അപകടങ്ങള്‍ പതിവാകുകയാണ്. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിന് സമീപം കിണര്‍ വൃത്തിയാക്കുന്നതിനിടെ റിംഗുകള്‍ ഇടിഞ്ഞ് കിണറ്റില്‍ വീണ വയോധികനെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
കോടുകുളഞ്ഞി പെരുംകുഴി കൊച്ചു വീട്ടില്‍ യോഹന്നാൻ (72) ആണ് മരിച്ചത്. നാട്ടുകാരും അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് നടത്തിയ മണിക്കൂറുകള്‍ക്ക് നീണ്ട പരിശ്രമത്തിന് ശേഷം യോഹന്നാനെ കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. 11 മണിക്കൂറിനൊടുവില്‍ കിണറ്റില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ ഇയാള്‍ അബോധാവസ്ഥയിലായിരുന്നു. പിന്നാലെ മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു.