യുവതികളുടെ മൃതദേഹത്തിൽ അറ്റൻഡർമാർ ശവഭോഗം നടത്തുന്നു; മോർച്ചറികളിൽ സിസിടിവികൾ സ്ഥാപിക്കണമെന്ന് കർണാടക ഹൈക്കോടതി
മോർച്ചറികളിൽ സിസിടിവികൾ സ്ഥാപിക്കണമെന്ന് കർണാടക ഹൈക്കോടതി. ആശുപത്രി അറ്റൻഡർമാർ യുവതികളുടെ മൃതദേഹത്തിൽ ശവഭോഗം നടത്തുകയാണെന്നും ഇത് തടയാൻ സുരക്ഷ വർധിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സർക്കാർ, സ്വകാര്യ ആശുപത്രി മോർച്ചറികളിൽ സിസിടിവികൾ സ്ഥാപിക്കാൻ 6 മാസത്തെ സമയമാണ് കോടതി സർക്കാരിനു നൽകിയിരിക്കുന്നത്. ജസ്റ്റിസ് ബി വീരപ്പയും ജസ്റ്റിസ് വെങ്കടേഷ് നായികും ചേർന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ദൗർഭാഗ്യവശാൽ രാജ്യത്ത് ശവരതിയ്ക്കെതിരായ നിയമമില്ലെന്നും ശവരതി ക്രിമിനൽ കുറ്റകൃത്യമാക്കി കേന്ദ്രം നിയമം പാസാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സിസിടിവികൾക്കൊപ്പം മോർച്ചറികൾ വൃത്തിയായി സൂക്ഷിക്കാനും ഹൈക്കോടതി നിർദ്ദേശം നൽകി. ആത്‌മഹത്യ, എയ്ഡ്സ് പോലുള്ള രോഗികൾ മരണപ്പെട്ടാൽ അത്തരം രോഗികളുടെ വിവരങ്ങൾ ആശൂപത്രികൾ രഹസ്യമാക്കി വെക്കണം. പൊതുജനത്തിന് നേരിട്ട് കാണാവുന്ന തരത്തിൽ പോസ്റ്റ്മോർട്ടം റൂം തയ്യാറാക്കരുത്. മൃതദേഹത്തെയും മരണപ്പെട്ടവരുടെ കുടുംബത്തെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെപ്പറ്റി ആശുപത്രി ജീവനക്കാർക്ക് കൃത്യമായ ധാരണയുണ്ടാവണമെന്നും കോടതി പറഞ്ഞു.