31 റൂട്ടുകളിലെ സ്വകാര്യബസുകളുടെ നിയന്ത്രണം എന്തിന്?ദേശസാല്‍ക്കരണം എന്തുകൊണ്ട് ? വിശദീകരണവുമായി കെഎസ്ആര്‍ടിസി
സർക്കാരിന്‍റെ നടപടി സ്വകാര്യ ബസ് വ്യവസായത്തെ തകർക്കാനാണ് എന്ന വാദത്തിൽ കഴമ്പില്ലെന്ന് കെഎസ്ആര്‍ടിസി. തിരുവനന്തപുരം;31 റൂട്ടുകളിലെ ദേശസാൽക്കരണവും , സ്വകാര്യ ബസുകളുടെ ദൂര നിയന്ത്രണവും സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി കെഎസ്ആര്‍ടിസി രംഗത്ത്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം.
ദേശസാൽക്കരണം എന്നത് മോട്ടോർ വാഹന നിയമം 1988 ലെ ചില വ്യവസ്ഥകൾ പ്രകാരം നിശ്ചയിക്കപ്പെട്ട റൂട്ടുകൾ സർക്കാർ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്കായി നീക്കി വയ്ക്കുന്നതിനായി പുറത്തിറക്കുന്ന ഉത്തരവാണ്. ഇത്തരത്തിൽ പുറത്തിറക്കുന്ന ഉത്തരവിലൂടെ സർക്കാരിന് ഒരു റൂട്ട് ഭാഗികമായോ പൂർണ്ണമായോ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്കായി നീക്കിവയ്ക്കാൻ സാധിക്കും. ഇതു കൂടാതെ ഏത് തരം ശ്രേണി (Class) യിലുള്ള ട്രാൻസ്പോർട്ട് സർവ്വീസുകളെയും, ഒരു പ്രദേശത്തെ (Area) റോഡുകൾ പൂർണ്ണമായോ ഭാഗികമായോ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്കായി മാറ്റിവയ്ക്കാനും മോട്ടോർ വാഹന നിയമം 1988 ലെ ചാപ്റ്റർ 6 ലെ 97 മുതൽ 108 വരെയുള്ള വകുപ്പുകൾ വ്യവസ്ഥ ചെയ്യുന്നു.
ഇത്തരത്തിൽ മാറ്റിവയ്ക്കുന്നതു മൂലം ഏതെങ്കിലും ഒരു പൗരന്റെ ജോലി ചെയ്ത് ജീവിക്കുന്നതിനുള്ള മൗലിക അവകാശങ്ങൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി കോടതി ഇടപെടൽ ഉണ്ടാകാതിരിക്കാൻ ഭരണഘടനയുടെ 9-ാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി മോട്ടോർ വാഹന നിയമം 1988 ലെ ചാപ്റ്റർ 6 ന് ഭരണഘടനാപരമായ സംരക്ഷണവും നൽകിയിട്ടുണ്ട്. അതിനാൽ തന്നെ ഒരു ദേശസാൽക്കരണ ഉത്തരവ് നടപടി ക്രമങ്ങളിലെ വീഴ്ച്ച, മറ്റ് നിയമപരമായ വീഴ്ച്ചകൾ എന്നിവ ചൂണ്ടിക്കാട്ടി മാത്രമേ കോടതികളിൽ ചോദ്യം ചെയ്യാൻ കഴിയൂ. ദേശസാൽക്കരണ ഉത്തരവ് ഒരു സർക്കാരിന്‍റ് നയപരമായ തീരുമാനമായാണ് കണക്കാക്കേണ്ടതെന്ന് ബഹു: സുപ്രീം കോടതി ഉൾപ്പെടെ വിവിധ വിധിന്യായങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മേൽപ്പറഞ്ഞ നടപടിക്രമങ്ങൾ പാലിച്ച് ഒരു ദേശസാൽക്കണ ഉത്തരവ് അന്തിമ വിജ്ഞാപനമായി പുറത്തിറങ്ങിയാൽ അതിലെ വ്യവസ്ഥകൾ നിയമമായി മാറും എന്നും, പ്രസ്തുത ഉത്തരവിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി മോട്ടോർ വാഹന നിയമത്തിൽ തന്നെയോ മറ്റേതെങ്കിലും നിയമത്തിലോ ഉള്ള വ്യവസ്ഥകൾക്ക് മേൽ ദേശസാൽക്കരണ ഉത്തരവിലെ വ്യവസ്ഥകൾക്കും മോട്ടോർ വാഹന നിയമം 1988, ചാപ്റ്റർ 6ലെ വകുപ്പുകൾക്കും പ്രാബല്യം ഉണ്ടാകും എന്നും മോട്ടോർ വാഹന നിയമം വ്യവസ്ഥ ചെയ്യുന്നു.
31 റൂട്ടുകളിലെ പുതിയ പരിഷ്കരിച്ച വിജ്ഞാപനത്തിന്റെ ചരിത്രം 1958 മുതൽ തുടങ്ങുന്നതാണ്. കേരളത്തിലെ 31 റൂട്ടുകൾ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനായി നീക്കിവച്ചു കൊണ്ട് 1958 -മുതൽ 1978 വരെയുള്ള കാലഘട്ടത്തിൽ സർക്കാർ വിവിധ ദേശസാൽക്കരണ ഉത്തരവുകൾ പുറത്തിറക്കുന്നു. പ്രസ്തുത ഉത്തരവുകളിലെ വ്യവസ്ഥകൾ പ്രകാരം സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്ക് മാത്രമേ ഈ റൂട്ടുകളിലൂടെ സർവ്വീസ് നടത്തുന്നതിന് അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ 1980 കളിൽ ഈ ദേശസാൽക്കരണ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ട് കോട്ടയം, ഇടുക്കി റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റികൾ കോട്ടയം – കുമളി റൂട്ടിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകിയതിനെതിരെ കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും (രാഹുൽ ടോം vs. കെ.എസ്.ആർ.ടി.സി & അദേഴ്സ് ) നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം 2002 ൽ ഇത്തരത്തിൽ 31 ദേശസാൽകൃത റൂട്ടുകളിലൂടെ നൽകിയ സ്വകാര്യ പെർമിറ്റുകൾ നിയമവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി വിധി പ്രസ്താവിക്കുകയും ചെയ്തു. ഈ വിധിക്കെതിരെ സ്വകാര്യ ബസുടമകൾ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തതെങ്കിലും സുപ്രീം കോടതിയും ഹൈക്കോടതി വിധി ശരിവയ്ക്കുകയാണ് ഉണ്ടായത്. എന്നാൽ ഈ കാലഘട്ടത്തിനിടയ്ക്ക് പതിനായിരത്തിലധികം സ്വകാര്യ ബസ് പെർമിറ്റുകൾ ഈ റൂട്ടുകളിലൂടെ വിവിധ റിജണൽ ട്രാൻസ്പോർട്ട് അതോറിറ്റികൾ നൽകി എന്നത് പരിഗണിച്ചും, പൊടുന്നനെ ഇത്രയധികം പെർമിറ്റുകൾ നിർത്തലാക്കുന്നത് പൊതു ഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണ ജനങ്ങളെ ദോഷകരമായി ബാധിക്കും എന്നതിനാലും ബഹു: സുപ്രീം കോടതി കേരള സർക്കാരിനോട് കേസിലെ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായി ആലോചിച്ച് എല്ലാവർക്കും സ്വീകാര്യമായ ഒരു പരിഹാര മാർഗ്ഗം കണ്ടെത്താൻ നിർദ്ദേശം നൽകി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ എല്ലാവരുമായും കൂടിയാലോചിച്ച് മോട്ടോർ വാഹന നിയമം 1988, ചാപ്റ്റർ 6 ലെ വകുപ്പ് 99 പ്രകാരം കരട് വിജ്ഞാപനം 09.05.2006 ൽ പുറത്തിറക്കുകയും ആയത് GO(P) No.42/2009/ TRAN തീയതി 14.07.2009 ആയി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഈ ഉത്തരവിൽ കരട് വിജ്ഞാപനം പുറപ്പെടുവിച്ച 09.05.2006 വരെ 31 ദേശസാൽകൃത റൂട്ടുകളിലൂടെ സ്കീമിന് വിരുദ്ധമായി നൽകിയ സ്വകാര്യ ബസ് പെർമിറ്റുകളെ തുടരാൻ അനുവദിക്കുകയും പ്രസ്തുത പെർമിറ്റുകളുടെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് കെ.എസ്.ആർ.ടി.സിക്ക് അപേക്ഷ നൽകി അവ ഏറ്റെടുക്കാമെന്നും വ്യവസ്ഥ ചെയ്തു. കൂടാതെ പൊതുജനങ്ങൾക്ക് ഈ 31 റൂട്ടിലെ പ്രധാന സ്ഥലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് പുതുതായി പെർമിറ്റിനപേക്ഷിക്കുന്ന സ്വകാര്യ ബസുകൾക്ക് തങ്ങൾ അപേക്ഷിച്ച റൂട്ടിന്റെ ആകെ ദൂരത്തിന്റെ 5 ശതമാനം അല്ലെങ്കിൽ 5 കി.മീ ഏതാണോ കുറവ് അത്രയും ദൂരം ഈ 31 റുട്ടുകളിലൂടെയും കടന്നുപോകുന്നതിനും അനുമതി നൽകി. മേൽ സൂചിപ്പിച്ച 31 റൂട്ടുകളിൽ കയറാൻ പോലും നിയമപരമായി അനുമതി ഇല്ലാതിരുന്ന സ്വകാര്യ ബസുകൾക്ക് പൊതുജനതാൽപ്പര്യാർത്ഥമാണ് സർക്കാർ ഈ സൗകര്യങ്ങൾ നൽകിയത്. എന്നാൽ വീണ്ടും ഈ ഉത്തരവിലെ ഏറ്റെടുക്കൽ വ്യവസ്ഥ ഉൾപ്പെടെ ചോദ്യം ചെയ്തു കൊണ്ട് സ്വകാര്യ ബസ്സുടമകളുടേതായി കോടതിയിൽ WP(C) No. 20520/2009 ആയും അനുബന്ധം ആയും ധാരാളം കേസുകൾ ഫയൽ ചെയ്യപ്പെടുകയുണ്ടായി എങ്കിലും അവയെല്ലാം ബഹു: കേരള ഹൈക്കോടതി തളളിക്കളയുകയും സ്കീമിന്റെ സാധുത നിലനിർത്തുകയും ചെയ്തു.