മാധ്യമപ്രവര്‍ത്തകരെ മുന്നണിപ്പോരാളികളായി പരിഗണിക്കണം, വാക്‌സിന്‍ ലഭ്യമാക്കണം-ഐ.എന്‍.എസ്.
തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ മാധ്യമപ്രവർത്തകരേയും കോവിഡ് മുന്നണിപ്പോരാളികളായി പരിഗണിക്കണമെന്നും വാക്സിൻ ലഭിക്കാത്ത മാധ്യമ പ്രവർത്തകർക്ക് എത്രയും വേഗം വാക്സിൻ സൗജന്യമായിലഭ്യമാക്കണമെന്നും ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (കേരള) സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻചന്ദ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഐഎൻഎസിന്റെ അഭ്യർഥന.
യുദ്ധ സമാനമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാധ്യമപ്രവർത്തകർ നിർണായകമായ പങ്കാളിത്തമാണ് വഹിക്കുന്നത്. വസ്തുനിഷ്ഠമായ വാർത്തകളും വിവരങ്ങളും ദൃശ്യങ്ങളും കൃത്യസമയത്ത് ജനങ്ങളിലേക്കെത്തിക്കുകയെന്നത് കോവിഡ് നിയന്ത്രണത്തിൽ പരമപ്രധാനമാണ്. ഈ ചുമതലയേറ്റെടുത്ത് കഴിഞ്ഞ ഒരു വർഷത്തിലേറെയായി അഹോരാത്രം അധ്വാനിച്ചു കൊണ്ടിരിക്കുന്നവരാണ് കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലേയും മാധ്യമ പ്രവർത്തകർ.
അതിനാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കൊപ്പം മാധ്യമ പ്രവർത്തകരേയും മുന്നണിപ്പോരാളികളായി പരിഗണിക്കണമെന്നും വാക്സിൻ വിതരണത്തിൽ മുൻഗണന നൽകണമെന്നുമാണ് ആവശ്യം. കോവിഡ് പ്രതിരോധത്തിൽ ലോക പ്രശംസ പിടിച്ചുപറ്റിയ കേരളം ഇക്കാര്യത്തിലും മാതൃകയാവണമെന്നും വിപിൻ ചന്ദിനെപ്പോലെ ഇനിയൊരു ജീവൻ നഷ്ടപ്പെടാനിടയാവരുതെന്നും ഐഎൻഎസ് അഭ്യർഥനയിൽ പറയുന്നു