കുളമാവ് ഡാമില്‍ നിന്നും യാത്രാ ബോട്ട്;സാധ്യത പരിശോധിക്കണമെന്ന് ജില്ലാ വികസന സമിതി
കുളമാവ് ഡാമില്‍ നിന്ന് ജില്ലയിലെ സമീപ പ്രദേശങ്ങളായ അഞ്ചുരുളി, അയ്യപ്പന്‍കോവില്‍ പ്രദേശങ്ങളിലേക്ക് യാത്രാ ബോട്ട് സൗകര്യം പുനരാരംഭിക്കുന്നത് സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കാന്‍ ജില്ല വികസന സമിതി തീരുമാനിച്ചു. മുന്‍പ് കുളമാവില്‍ നിന്ന് യാത്രാ ബോട്ട് സൗകര്യമുണ്ടായിരുന്നു. പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ സര്‍വീസ് അവസാനിപ്പിക്കുകയായിരുന്നു. മൂന്നു ദിവസം പൊതുജനങ്ങള്‍ക്ക് യാത്ര സൗകര്യവും രണ്ട് ദിവസം വിനോദ സഞ്ചാരികള്‍ക്കുമായാണ് സര്‍വീസ് നടത്തിയിരുന്നത്. കുളമാവില്‍ നിന്ന് യാത്രാ ബോട്ട് സൗകര്യം പുനരാരംഭിക്കുന്നത് സംബന്ധിച്ച വിഷയം സബ്കളക്ടര്‍ അരുണ്‍ എസ് നായര്‍ ആണ് ജില്ലാ വികസന സമിതിയില്‍ ഉന്നയിച്ചത്. പ്രസ്തുത വിഷയം സംബന്ധിച്ച് സാധ്യതകള്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ കെഎസ്ഇബി ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കും നിര്‍ദേശം നല്‍കി. പദ്ധതി നടപ്പാക്കിയാല്‍ ഒന്നരമണിക്കൂറോളം യാത്രാ സമയം ലാഭിക്കാമെന്നും പ്രകൃതിക്ഷോഭങ്ങളില്‍ റോഡ് തകര്‍ന്ന് ഗതാഗതം മുടങ്ങിയാല്‍ സമാന്തര ഗതാഗതമാര്‍ഗമായി ഉപയോഗിക്കാമെന്നും സബ് കളക്ടര്‍ പറഞ്ഞു.
ജില്ലയുടെ ഗതാഗത, വിനോദസഞ്ചാര വികസനത്തിനും സര്‍ക്കാരിന് സാമ്പത്തിക നേട്ടമുണ്ടാക്കാനുതുകുന്നതുമായ ഇത്തരം പദ്ധതി നിര്‍ദേശങ്ങള്‍ വരുമ്പോള്‍ അവ എത്രയും വേഗം പഠിച്ച് നടപ്പാക്കാനവശ്യമായ അനുകൂല നിലപാട് സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു ആവശ്യപ്പെട്ടു.
കാഞ്ഞാര്‍ മുവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്ട് വസ്തുവിലെ വാട്ടര്‍ ഷെഡ് തീം പാര്‍ക്കിന്റെ ശോച്യാവസ്ഥ പരിഹരിച്ച് പാര്‍ക്ക് നവീകരിക്കാനും യോഗം തീരുമാനിച്ചു. നവീകരണ പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ പരിശോധിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനോട് വികസന സമിതി ആവശ്യപ്പെട്ടു.
2023-24 വര്‍ഷത്തെ ഇടുക്കി പാക്കേജിലെ ഫേസ് വണ്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
ഇ-ഗവേണന്‍സിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പേപ്പര്‍ രഹിത ഇ-ഓഫീസ് സംവിധാനവും പഞ്ചിംഗ് സംവിധാനവും എത്രയും വേഗം ഏര്‍പ്പെടുത്തണം. ഇതിന്റെ പുരോഗതി യോഗത്തില്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി. നിലവില്‍ ജില്ലയിലെ 23 ഓഫീസുകള്‍ ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറാന്‍ എല്ലാ വകുപ്പ് മേധാവികള്‍ക്കും കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി.
മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഹരിത പ്രോട്ടോക്കോള്‍ പാലിക്കാനും നിര്‍ദേശം നല്‍കി. ജൂണ്‍ ഒന്നിന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചു മെഗാ ക്ലീനിങ് സംഘടിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് വിദ്യാലയങ്ങളും പരിസരവും ശുചീകരിക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ ഇ മാലിന്യം മെയ് 31 ന് ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ജൂണ്‍ 2 ന് ജില്ലയിലെ കട്ടപ്പന, തൊടുപുഴ, കുമളി, അടിമാലി, മൂന്നാര്‍, നെടുങ്കണ്ടം, ചെറുതോണി എന്നിവിടങ്ങളില്‍ ഹരിതകര്‍മ്മ സേന, കുടുംബശ്രീ, ബഹുജനസംഘടനകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ശുചിത്വസന്ദേശ റാലി, ഫ്‌ളാഷ് മോബ് എന്നിവ സംഘടിപ്പിക്കും. ജൂണ്‍ 5 ന് ഹരിതസഭ ചേര്‍ന്ന് വലിച്ചെറിയല്‍ മുക്ത പ്രഖ്യാപനം നടത്തും.
പ്ലാസ്റ്റിക് മാലിന്യ വ്യാപനം നിയന്ത്രിക്കാന്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തണമെന്നും നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം ലതീഷ് പറഞ്ഞു.
നിരാക്ഷേപ പത്രം ലഭിക്കാത്തതിനാല്‍ ഏഴെണ്ണത്തിന്റെ നിര്‍മ്മാണം തുടങ്ങാന്‍ സാധിച്ചിട്ടില്ലെന്നും രണ്ടെണ്ണം കോടതി നടപടികളാല്‍ മുടങ്ങിക്കിടക്കുന്നതായും ബാക്കിയുള്ളവ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും ജില്ല കളക്ടറുടെ ചോദ്യത്തിന് മറുപടിയായി ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ മറുപടി നല്‍കി.
ജില്ലയിലെ വിവിധ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളള്‍ ആരംഭിക്കാത്തത് സംബന്ധിച്ച് വികസന സമിതിയില്‍ ലഭിച്ച പരാതികളില്‍ പ്രശ്നം പരിഹരിച്ച് അടിയന്തരമായി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആദിവാസികള്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പാക്കാന്‍ എബിസിഡി ക്യാമ്പയ്ന്‍ ജില്ലയിലെ വിവിധ ആദിവാസി ഊരുകളില്‍ നടത്താനും യോഗം തീരുമാനിച്ചു.
മെയ് 31ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ ബിന്ദു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു വര്‍ഗീസ,് ജില്ലാ ടൂറിസം വകുപ്പ് മേധാവി ബിന്ദുമണി എന്നിവരെ യോഗത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ശുചിത്വ മിഷന്‍ മെഗാ ക്യാമ്പയ്‌ന്റെ ഭാഗമായി പോസ്റ്റര്‍ പ്രകാശനവും ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍വഹിച്ചു.
കളക്ടറേററ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം ലതീഷ്, സബ് കളക്ടര്‍ അരുണ്‍ എസ് നായര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബുവര്‍ഗീസ്, ഡെ. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം എം ബഷീര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.