മമതയ്ക്ക് തിരിച്ചടി;’ദ കേരള സ്റ്റോറി’ സിനിമ നിരോധനം സുപ്രീം കോടതി നീക്കി
ന്യൂഡല്‍ഹി: ‘ദി കേരള സ്റ്റോറി’ സിനിമക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി. സാങ്കല്‍പ്പിക കഥയാണെന്ന് സ്ക്രീനില്‍ എഴുതിക്കാണിക്കണമെന്നും കോടതി ഉത്തരവിട്ടു. സിനിമ കാണുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചു. സിനിമയ്‌ക്കെതിരെ പശ്ചിമ ബംഗാൾ സംസ്ഥാനം ഏർപ്പെടുത്തിയ നിരോധനത്തെയും ക്രമസമാധാന പ്രശ്നങ്ങളുടെ പേരില്‍ തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിന്ന് ചിത്രം ഒഴിവാക്കിയതും ചോദ്യം ചെയ്ത് ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺഷൈൻ പ്രൊഡക്ഷന്‍സ് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
ചിത്രം വിദ്വേഷ പ്രചാരണമാണെന്ന് ബംഗാള്‍ സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രദർശനം വിലക്കിയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാൽ ഈ സിനിമ എല്ലായിടത്തും സമാധാനപരമായി പ്രദർശനം തുടരുകയാണ്. പശ്ചിമ ബംഗാളിന് എന്താണ് ഇത്ര വ്യത്യാസമെന്നും പ്രശ്നം ഒരു ജില്ലയിൽ മാത്രമാണെങ്കിൽ പിന്നെ എന്തിനാണ് സംസ്ഥാനത്തുടനീളം സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്തിയതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചോദിച്ചു.
സിനിമയുടെ പ്രദർശനത്തിന്റെ പേരിൽ രാജ്യത്ത് അക്രമസംഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സർക്കാരും കോടതിയെ അറിയിച്ചു. 32,000 സ്ത്രീകൾ മതം മാറിയെന്ന് പറയുന്നത് ടീസറിൽ മാത്രമാണെന്ന് നിര്‍മാതാക്കള്‍ വാദിച്ചു. ആ ടീസർ പിൻവലിച്ചെന്നും നിര്‍മാതാക്കള്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് നിരോധനം പാടില്ലെന്ന് കോടതി ഉത്തരവിട്ടത്. എന്നാൽ ഒരു സമൂഹത്തെ അപകീർത്തിപ്പെടുത്താൻ കഴിയില്ലെന്നും
സിനിമയുടെ കഥ സാങ്കല്‍പ്പികമാണെന്ന് സ്ക്രീനില്‍ എഴുതിക്കാണിക്കണമെന്നും കോടതി നിർദ്ദേശിച്ചു..
ബംഗാളിൽ ചിത്രത്തിന്റെ പൊതുപ്രദർശനത്തിന് ആവശ്യമെങ്കിൽ സുരക്ഷ ഒരുക്കണമെന്നും കോടതി വ്യക്തമാക്കി..സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജികളിൽ വേനലവധിക്ക് ശേഷം വാദം കേൾക്കും.അതിന് മുൻപ് സിനിമ കാണുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് നിർമ്മാതാവിന് വേണ്ടി ഹാജരായത്. പശ്ചിമ ബംഗാൾ സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എഎം സിംഗ്വി. പശ്ചിമ ബംഗാൾ പോലീസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ എന്നിവരും ഹാജരായി.
തമിഴ്നാട്ടില്‍ സിനിമയ്ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ വിലക്കില്ലെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അമിത് ആനന്ദ് തിവാരി സുപ്രീംകോടതിയെ അറിയിച്ചു. കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്ന സംസ്ഥാനത്തെ തിയേറ്ററുകൾക്കും സിനിമാ പ്രേക്ഷകർക്കും സുരക്ഷ ഒരുക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി നിർദ്ദേശിച്ചു. സിനിമയുമായി ബന്ധപ്പെട്ട ബംഗാള്‍ സര്‍ക്കാരിന്‍റെ തീരുമാനത്തിന് അമിത വ്യാപ്തി ഉണ്ടെന്ന് ഇടക്കാല ഉത്തരവിൽ ബെഞ്ച് നിരീക്ഷിച്ചു.
കേരളത്തിൽ നിന്നുള്ള 32,000 സ്ത്രീകളെ കബളിപ്പിച്ച് ഇസ്‌ലാമിലേക്ക് മതംമാറ്റി ഐഎസിലേക്ക് റിക്രൂട്ട് ചെയ്‌തുവെന്ന സിനിമയുടെ അവകാശവാദവും വാദം കേൾക്കുന്നതിനിടെ ബെഞ്ച് ചോദ്യം ചെയ്തു. മതംമാറ്റിയവരുടെ കണക്കുകള്‍ സംബന്ധിച്ച സിനിമയിലെ അവകാശവാദം സ്ഥാപിക്കാനുള്ള ആധികാരിക രേഖകള്‍ ലഭ്യമല്ലെന്നും വിഷയത്തിന്റെ സാങ്കൽപ്പിക പതിപ്പാണ് സിനിമ പ്രതിനിധീകരിക്കുന്നതെന്നും നിർമ്മാതാവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് ജൂലൈയിലേക്ക് മാറ്റി.