‘വിഴിഞ്ഞം കമ്മീഷനിങ് പരിപാടി പലരുടെയും ഉറക്കം കെടുത്തും’; ഒളിയമ്പുമായി മോദി


വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ഇന്ത്യമുന്നണിയിലെ ചിലരുടെ ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വേദിയിലിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും ശശി തരൂരിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു കോൺഗ്രസിന് നേരെയുള്ള പ്രധാനമന്ത്രിയുടെ ഒളിയമ്പ്. അദാനിയെ മന്ത്രി വി എൻ വാസവൻ പങ്കാളിയെന്ന് വിശേഷിപ്പിച്ചതും പ്രധാനമന്ത്രി പരാമർശിച്ചു.
” ഞാൻ മുഖ്യമന്ത്രിയോട് പറയാൻ ആഗ്രഹിക്കുന്നു. താങ്കൾ ഇന്ത്യാ സഖ്യത്തിലെ വലിയ തൂണുകളിലൊന്നാണ് . അതുപോലെ തരൂരും ഇവിടെ ഇരിക്കുന്നുണ്ട്. എന്നാൽ ഇന്നത്തെ പരിപാടി പലരുടെയും ഉറക്കം കെടുത്തും ” മോദി പറഞ്ഞു.
പ്രധാനമന്ത്രി മലയാളത്തിൽ പ്രസംഗം തുടങ്ങുമെന്നത് ഏറെക്കുറെ പ്രതീക്ഷിച്ചതാണെങ്കിലും, രാഷ്ട്രീയ പരാമർശങ്ങൾ കൗതുകമായി. മുഖ്യമന്ത്രി പിണറായി വിജയന്റെയും ശശി തരൂരിന്റെയും പേരെടുത്ത് പറഞ്ഞ് നരേന്ദ്രമോദി വിരൽ ചൂണ്ടിയത് ഇന്ത്യാ സഖ്യത്തിനെയായിരുന്നു. ഗൗതം അദാനിയെ, പങ്കാളിയെന്ന് വിശേഷിപ്പിച്ച വി എൻ വാസവന്റെ പ്രസംഗം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തെ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി പോലും സ്വകാര്യമൂലധനത്തിന് വേണ്ടി സംസാരിക്കുകയാണെന്നും കഴിഞ്ഞ 10 വർഷം കേന്ദ്രസർക്കാർ കേരളത്തിലേക്ക് വികസനം കൊണ്ടുവന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
ഗുജറാത്തിനെക്കാൾ വലിയ തുറമുഖമുഖമാണ് അദാനി കേരളത്തിൽ നിർമ്മിച്ചതെന്നും പ്രധാനമന്ത്രി. ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, കേന്ദ്രമന്ത്രി ജോർജ് കുര്യൻ സംസ്കാരചടങ്ങിൽ പങ്കെടുത്തതും ചൂണ്ടിക്കാട്ടി.