എന്റെ കേരളം വിളംബര ഘോഷയാത്ര : ഒരുക്കങ്ങൾ പൂർത്തിയായി


സംസ്ഥാനസര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളക്ക് മുന്നോടിയായുള്ള വിളംബര ഘോഷയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ(29) രാവിലെ 9 ന് ചെറുതോണി പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ ഫ്ലാഗ് ഓഫ് ചെയ്യും. ത്രിതല പഞ്ചായത്തുകള്‍, വിവിധ വകുപ്പുകള്‍ എന്നിവര്‍ പ്രത്യേകം ബാനറുകള്‍ക്ക് പിന്നില്‍ അണിനിരക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി, ജില്ലയിലെ എംഎല്‍.എ.മാര്‍, ജില്ലാതല ഏകോപനസമിതി ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി ജില്ലാ നേതൃത്വം തുടങ്ങിയവര്‍ അണിനിരക്കും. തുടര്‍ന്ന് എട്ടു പഞ്ചായത്ത് ബ്ലോക്കുകൾ അണിനിരക്കും. ഓരോ ബ്ലോക്കുകളിലും അതിലുള്‍പ്പെടുന്ന പഞ്ചായത്തുകളാണ് അണിനിരക്കുക. ഇടുക്കി, അടിമാലി, അഴുത. പീരുമേട്, ഇളംദേശം, തൊടുപുഴ, ദേവികുളം , നെടുങ്കണ്ടം എന്നീ ക്രമത്തിലാണ് ബ്ലോക്കുകള്‍. തുടര്‍ന്ന് ജില്ലയിലെ വകുപ്പുകളുടെ ബാനറാകും ഘോഷയാത്രയില്‍ അണിനിരക്കുക. ചെണ്ട, ബാന്‍ഡ് മേളം, നാസിക് ഡോള്‍ തുടങ്ങിയ വാദ്യമേളങ്ങളും കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. ഗോത്ര നൃത്തം, കൂത്ത്, കോല്‍ക്കളി, തെയ്യം, മയിലാട്ടം, ഫ്ലാഷ് മോബ്, നിരവധി നാടന്‍ കലാരൂപങ്ങള്‍, എന്നിവയ്ക്ക് പുറമെ പ്ലോട്ടുകളും ഘോഷയാത്ര നയനമനോഹരമാക്കും.
ട്രാഫിക് നിയന്ത്രണം
ഘോഷയാത്രയ്ക്ക് എത്തുന്ന വാഹനങ്ങളുടെ ക്രമീകരണം:
റാലിക്ക് വരുന്ന വാഹനങ്ങളുടെ ക്രമീകരണം: കട്ടപ്പന ഭാഗത്തുനിന്നും ഘോഷയാത്രയ്ക്ക് എത്തുന്ന വാഹനങ്ങള്‍ ചെറുതോണി പാലത്തിന് മുന്‍പായി ആളുകളെ ഇറക്കണം. തൊടുപുഴയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചെറുതോണി പൊലീസ് സ്റ്റേഷന്‍ ഗ്രാണ്ടിലും അടിമാലി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ തടിയമ്പാട് നിന്നും മരിയാപുരം വഴിയിലൂടെ ഇടുക്കിയില്‍ വന്ന് ചെറുതോണി പാലത്തിലും ആളുകളെ ഇറക്കണം.
മറ്റ് വാഹനങ്ങളുടെ ക്രമീകരണം: രാവിലെ 9 മണി മുതല്‍ 11 മണി വരെയാണ് വാഹന നിയന്ത്രണം. ചൊവ്വാഴ്ച ഉച്ച വരെ ചെറുതോണി ടൗണില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഈ വാഹനങ്ങള്‍ ചെറുതോണി പഴയ ബസ് സ്റ്റാന്‍ഡിനുള്ളിലും ഗാന്ധിനഗര്‍ കോളനിയിലേക്കുള്ള ഭാഗത്തും പാര്‍ക്ക് ചെയ്യാം.
കട്ടപ്പന ഭാഗത്തുനിന്നും അടിമാലിക്കും എറണാകുളത്തേക്കും പോകുന്ന വാഹനങ്ങള്‍ ഇടുക്കിയില്‍ നിന്നും മരിയാപുരം കൂടി തടിയമ്പാട് വഴി തിരിഞ്ഞു പോകണം. എറണാകുളം-അടിമാലി ഭാഗത്ത് നിന്നും തൊടുപുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തടിയമ്പാടില്‍ നിന്നും തിരിഞ്ഞ് താന്നിക്കണ്ടം- പൈനാവ് വഴിയും തൊടുപുഴ ഭാഗത്ത് നിന്ന് എറണാകുളം-അടിമാലി ഭാഗത്തോട്ട്് പോകുന്ന വാഹനങ്ങള്‍ പൈനാവില്‍ നിന്നും തിരിഞ്ഞ് താന്നിക്കണ്ടം വഴി തടിയമ്പാട് വഴിയും പോകേണ്ടതാണ്.