ഗ്രാമീണ ജീവിതത്തു ടിപ്പുകള്‍ പകര്‍ന്ന്പട്ടികവര്‍ഗ വികസന വകുപ്പ് സ്റ്റാള്‍


ആധുനികതയിലേക്ക് കുതിക്കുന്ന മലയാളിക്ക് പഴമയോട് എന്നും ഗൃഹാതുരമായ അടുപ്പമുണ്ട്. പഴയകാല ഗ്രാമീണ ജീവിതത്തെ അടയാളപ്പെടുത്തുന്ന ഗൃഹോപകരണങ്ങള്‍ പുതുതലമുറക്ക് പരിചയപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എന്റെ കേരളം പ്രദര്‍ശനവിപണനമേളയിലെ പട്ടികവര്‍ഗ വികസന വകുപ്പിന്റെ സ്റ്റാളിലേക്ക് വരൂ. ആദിമകാലത്ത് ഗോത്ര ജനവിഭാഗങ്ങള്‍ ഉപയോഗിച്ചിരുന്ന ഈറ്റയും മുളയും മറ്റും കൊണ്ടുള്ള ഗൃഹോപകരണങ്ങള്‍ നിങ്ങളെ പഴയ കാലത്തേക്ക് ഒരുവേള കൂട്ടിക്കൊണ്ട് പോവും.
മോതിരം, മുറം,തൊപ്പി, തണ്ണിതുണ്ടി, എലുപ്പുവട്ടി, പാക്കുവട്ടി എന്നിങ്ങനെയുള്ള പലതരം വസ്തുക്കള്‍ക്ക് ഇവിടെ കാണാം. മാത്രമല്ല, സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികവര്‍ഗ വിഭാഗത്തെ ഉന്നതിയിലേക്ക് കൈപിടിച്ച് ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങളുടെ ഫലമായുണ്ടായ നേട്ടങ്ങളും നിങ്ങള്‍ക്ക് സ്റ്റാളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും.
പുത്തന്‍ കാഴ്ചപ്പാടുകളിലൂന്നിയുള്ള വിദ്യാഭ്യാസ, ക്ഷേമ-വികസന പ്രവര്‍ത്തനങ്ങളിലൂടെ പട്ടികവര്‍ഗ ജനവിഭാഗത്തെ സ്വയം പര്യാപ്തതയിലെത്തിക്കുന്നതിനുതകുന്ന വിവിധ പദ്ധതികളുടെ വിശദാംശങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതി, വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികള്‍, സേഫ് പദ്ധതി, ട്രൈബല്‍ പ്ലസ്, ഹരിതരശ്മി, ആരോഗ്യപദ്ധതികള്‍, ഇടമലക്കുടിയിലെ സമഗ്രവികസനം, പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം, ഗോത്രജീവിക എന്നിവ ഇവയില്‍ ചിലതാണ്. ഇതോടൊപ്പം ‘കിനാരക്ക’ പഠന വിനോദയാത്ര പോലുള്ള പട്ടികവര്‍ഗക്ഷേമ പരിപാടികളെയും വികസന പദ്ധതികളെയും കുറിച്ചുള്ള ഹ്രസ്വ വീഡിയോകളും എല്‍ഇഡി ടിവിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ചിത്രം:
പട്ടികവര്‍ഗ വികസന വകുപ്പ് സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എലുപ്പുവട്ടി