എന്റെ കേരളം പ്രദര്‍ശന മേള:വേദിയുണര്‍ത്തി കാടിന്റെ ഈണവും താളവും

എന്റെ കേരളം പ്രദര്‍ശന മേളയുടെ ഉദ്ഘാടന ചടങ്ങിന് ശേഷം വേദിയുണര്‍ന്നത് കൂത്ത് പാട്ടിന്റെ ഈണത്തോടെ. തേക്കടിയില്‍ നിന്ന് എത്തിയ മന്നാന്‍ ഗോത്രവിഭാഗത്തിന്റെ തനത് കാലാരൂപമായ കൂത്ത് വേദിയില്‍ അരങ്ങേറിയപ്പോള്‍ കാണികള്‍ക്കത് നവ്യാനുഭവമായി. വനം വകുപ്പിന്റെ സഹകരണത്തോടെ തേക്കടിയിലെ ആരണ്യം ട്രൈബല്‍ ആര്‍ട്ടിലെ കലാകാരന്‍മാരാണ് കൂത്ത് അവതിപ്പിച്ചത്.
വനമേഖലയില്‍ ജീവിക്കുന്ന ആദിവാസി വിഭാഗമായ മന്നാന്മാരുടെ സവിശേഷ കലാരൂപമാണ് മന്നാന്‍ കൂത്ത്. കോവിലന്റേയും കണ്ണകിയുടെയും കഥയെ അടിസ്ഥാനമാക്കിയാണ് കൂത്ത് നടത്തുന്നത്. സാധാരണ പുരുഷന്‍മാര്‍ സ്ത്രീ വേഷത്തിലെത്തി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് കൂത്ത് നടത്തിവരുന്നത്. എന്നാല്‍ പ്രത്യേക സമയങ്ങള്‍, പൊങ്കല്‍, പൂജ, അതിഥി സല്‍ക്കാരം തുടങ്ങിയവക്കായും കൂത്ത് നടത്താറുണ്ട്. ഇത്തരം സമയങ്ങളില്‍ പുരുഷന്‍ സ്ത്രീ വേഷം കെട്ടാതെ തനത് വേഷത്തില്‍ തന്നെയാണ് വേദിയില്‍ എത്തുക.
സ്വാഗതത്തില്‍ തുടങ്ങി കൃഷിയും വേട്ടയും മംഗളവുമൊക്കെ പാടിയെത്തുന്ന കലാകാരന്‍മാര്‍ താളാനുസരണം ചുവടുവെച്ച് വേദിയില്‍ നിറഞ്ഞാടി. ഇഞ്ചക്കുടി മുതല്‍ പ്ലാവിലയും മാവിലയും ഉള്‍പ്പടെ കാടിനോടിണങ്ങിയ വേഷമായിരുന്നു നര്‍ത്തകരുടേത്. മത്താളം, ചാലര, ചിലങ്ക തുടങ്ങിയവയുടെ താളത്തില്‍ അമ്പും വില്ലുമൊക്കെയായി സദസ്സിനു മുന്നില്‍ നിറഞ്ഞാടിയാണ് കലാകാരന്‍മാര്‍ മടങ്ങിയത്. കൂത്ത് അവതരിപ്പിച്ച കലാകാരന്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് പ്രത്യേക ഉപഹാരവും ക്യാഷ് അവാര്‍ഡും കൈമാറി.
ചിത്രം :
1. എന്റെ കേരളം പ്രദര്‍ശന മേളയോടനുബന്ധിച്ച് ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച മന്നാന്‍ കൂത്ത്