മഹാരാഷ്ട്രയേയും മറികടന്നു: ഏപ്രിലിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ

കൊച്ചി: ഇന്ത്യയില്‍ ഏപ്രില്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍.എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കടന്നു. കേരളത്തില്‍ ഏപ്രില്‍ 1 നും 22 നും ഇടയില്‍ 47,024 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ കാലയളവില്‍ ഡല്‍ഹിയില്‍ 22,528 കേസുകളും മഹാരാഷ്ട്രയില്‍ 17,238 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലുമടക്കം പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. ഇതുവരെ 7,073 പുതിയ കൊവിഡ് കേസുകള്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തമിഴ്‌നാട്ടില്‍ 8,594 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ വരും ദിവസങ്ങളില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവ് ഉണ്ടാവും.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ആഘോഷങ്ങളും മറ്റ് അവധിയും ഉണ്ടായതിനാല്‍ കൊവിഡ് കേസുകള്‍ വരും ദിവസങ്ങളിലും വര്‍ധിക്കാനിടയുണ്ട്. വാരാന്ത്യത്തില്‍ മൂന്ന് മാസത്തിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ പോസിറ്റീവ് കേസുകളില്‍ വര്‍ദ്ധനവുണ്ടായി. മൂക്കൊലിപ്പ്, പനി എന്നിവയായിരുന്നു പ്രധാന ലക്ഷണങ്ങളെന്ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ മൈക്രോബയോളജിസ്റ്റും ക്വാളിറ്റി മാനേജരുമായ ഡോ വിനോദ് ഫ്രാങ്ക്ലിന്‍ പറഞ്ഞു.
കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കുട്ടികളില്‍ ഭൂരിഭാഗവും ചടങ്ങുകളില്‍ പങ്കെടുക്കുകയോ ഷോപ്പിംഗ് മാളുകള്‍ സന്ദര്‍ശിക്കുകയോ ചെയ്തിരുന്നതായും കുറച്ച് പേര്‍ സമ്മര്‍ ക്യാമ്ബുകളില്‍ പങ്കെടുത്തിരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാലും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ഗുരുതരമായ രോഗലക്ഷണങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നില്ലെന്നും ഡോ ഫ്രാങ്ക്ലിന്‍ കൂട്ടിച്ചേര്‍ത്തു.
ഏപ്രിലിലെ ആദ്യ രണ്ട് ദിവസങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 1000ത്തില്‍ താഴെ കേസുകളാണ്. തുടര്‍ന്ന് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങി. ഏപ്രില്‍ പകുതിയോടെ സംസ്ഥാനത്ത് 3,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്താന്‍ തുടങ്ങി. പ്രതിദിനം 2,000ത്തോളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത കുറച്ച് ദിവസങ്ങളില്‍ കൊവിഡ് കേസിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടായേക്കാം.