ഇരട്ടയാർ നാങ്കു തൊട്ടിയിൽ ദളിത് യുവാവിനെ പോലീസ് മർദിച്ചതായി പരാതി

ഇരട്ടയാർ നാങ്കു തൊട്ടിയിൽ ദളിത് യുവാവിനെ പോലീസ് മർദിച്ചതായി പരാതി.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിനെ കട്ടപ്പന പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മർദിച്ചതായി പരാതി. നാങ്കുതൊട്ടി സ്വദേശിയായ പുന്നപ്പാടിയിൽ അജേഷ് കുമാറാണ് എ.എസ്.ഐ. ഡി.സുരേഷ്‌കുമാറിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
അജേഷ്‌കുമാറിന്റെ വീട്ടിലെ നായയെ അയൽവാസികൾ വെട്ടിയതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ എ.എസ്.ഐ. സുരേഷ് കുമാറിന്റ നേതൃത്വത്തിൽ പോലീസ് സംഘം വീട്ടിലെത്തിയിരുന്നു. കേസ് അന്വേഷിക്കാനെത്തിയ എ.എസ്.ഐ. മദ്യപിച്ചിരുന്നെന്നും തുടർന്ന് തന്നെ മർദിച്ചുവെന്നും പരാതിയിൽ പറയുന്നു.
സർജറി ചെയ്തിരുന്ന കൈ പിടിച്ച് തിരിക്കുകയും, ടോർച്ച് ഉപയോഗിച്ച് അടി വയറ്റിൽ ഇടിച്ചതായും അജേഷ് കുമാർ പറഞ്ഞു.
ഭാര്യയെ കടന്നാക്രമിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു.
മർദന വിവരം പുറത്തു പറഞ്ഞാൽ കള്ളക്കേസെടുത്ത് അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മർദനത്തെ തുടർന്ന് അവശനായ താൻ ഇടുക്കി മെഡിക്കൽ കോളേജിൽ 6 ദിവസം ചികിത്സയിലായിരുന്നെന്നും അജേഷ്‌കുമാറും ഭാര്യ വിജിയും പറഞ്ഞു.