തിരുവനന്തപുരത്തിനും കണ്ണൂരിനും ഇടയിൽ ആറ് സ്റ്റോപ്പുകൾ; കേരളത്തിന് വന്ദേഭാരത് ട്രെയിൻ കിട്ടിയതിന് പിന്നിൽ എന്തു സമ്മർദം?
തിരുവനന്തപുരം: കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം- കണ്ണൂർ റൂട്ടിലാണ് ട്രെയിൻ ഓടുക. ദിവസങ്ങൾക്ക് മുൻപ് വരെ കേരളത്തിന് വന്ദേഭാരത് ട്രെയിൻ ഇല്ലെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇന്നലെ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു വന്ദേഭാരത് ട്രെയിൻ അനുവദിച്ചതും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതും.
വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനത്തിന് പരമാവധി സ്ഥലങ്ങളിൽ പ്രധാനമന്ത്രി നേരിട്ടെത്തിയിരുന്നു. കേരളത്തിന് അനുവദിച്ചത് ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും വന്ദേഭാരത് സീരിസിലെ 14 ാമത്തെയും ട്രെയിനാണ്. ഇതിന്റെ റേക്കുകള്‍ ഇന്ന് കൊച്ചുവേളിയിലെത്തിക്കും. ഉദ്ഘാടന സര്‍വീസിനു മുന്നോടിയായി ദക്ഷിണ റെയില്‍വേ മാനേജര്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും എത്തി ക്രമീകരണങ്ങള്‍ വിലയിരുത്തും.
അതേസമയം, 160 കിലോമീറ്റർ വേഗതയുള്ള ട്രെയിനാണ് വന്ദേഭാരതെങ്കിലും, ഇപ്പോള്‍ 110 കിലോമീറ്റർ വരെ വേഗത ലഭിക്കുമെന്നാണ് പ്രതീക്ഷ. വേഗം കൂട്ടുന്നതിന് ട്രാക്കിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.
തിരുവനന്തപുരം – കണ്ണൂർ വന്ദേ ഭാരത് എക്സ്പ്രസ്. ഏഴ് – ഏഴര മണിക്കൂർ കൊണ്ടു 501 കിമീ പിന്നിടും. ഇതിന്റെ ഒന്നിലധികം ടൈംടേബിളുകൾ ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിനു കൈമാറി. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ട്രാക്കുകളുടെ ശേഷി അനുസരിച്ചു 180 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാവുന്ന വന്ദേഭാരത് ട്രെയിനുകൾ തദ്ദേശീയമായി നിർമിച്ച ട്രെയിൻ സെറ്റുകളാണ്. 52 സെക്കൻഡുകൾ കൊണ്ടു 100 കിമീ വേഗം കൈവരിക്കാൻ കഴിയും. മുന്നിലും പിറകിലും ഡ്രൈവർ ക്യാബുള്ളതിനാൽ ദിശ മാറ്റാൻ സമയനഷ്ടമുണ്ടാകില്ല. പൂർണമായും ശീതീകരിച്ച ട്രെയിൻ കൂടിയാണിത്.
വന്ദേഭാരത് ട്രെയിൻ കേരളത്തിൽ രാഷ്ട്രീയമായ ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്. കേരളത്തിനുള്ള വിഷുകൈനീട്ടമെന്ന് ബിജെപി പ്രതികരിച്ചപ്പോൾ, സംസ്ഥാന സർക്കാരിന്റെ സമ്മർദഫലമാണ് ട്രെയിൻ അനുവദിച്ചതെന്നാണ് ഇടതുപക്ഷം വ്യക്തമാക്കുന്നത്.