യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണി; കൊച്ചിയിൽ 3 യുവതികളടക്കം 5 പേർ അറസ്റ്റിൽ

കൊച്ചി: യുവാവിനെ നഗ്നാക്കി മർദിച്ച് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. തമ്മനം സ്വദേശിയായ യുവാവിനെയാണ് മൂന്ന് സ്ത്രീകൾ അടങ്ങുന്ന അഞ്ചു പേർ ഭീഷണിപ്പെടുത്തി പണം തട്ടിയത്.
മുളവുകാട് പൊന്നാരിമംഗലം പബ്ലിക് ഹെൽത്ത് സെന്ററിനു സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തെങ്കാശി സ്വദേശി മുത്തുകുമാറിന്റെ ഭാര്യ അഞ്ജു (28), അഞ്ജുവിന്റെ സഹോദരി പാലാരിവട്ടം തുരുത്തുമ്പേൾ വിമൽ രാജിന്റെ ഭാര്യ മേരി (22), മേരിയുടെ സുഹൃത്തുക്കളായ വെണ്ണല പൂത്തൊളിപറമ്പ് ഹനീഫിന്റെ മകൻ ആഷിഖ്(26), ആഷിഖിന്റെ ഭാര്യ ഷഹാന(20) , മട്ടാഞ്ചേരി ജൻപറമ്പിൽ ഷാജിയുടെ മകൻ അരുൺ (26) എന്നിവരാണ് മുളവുകാട് പോലീസിന്റെ പിടിയിലായത്.
അഞ്ജു കാക്കനാട് പള്ളിയിൽ വെച്ച് പരിചയപ്പെട്ട യുവാവിനെ വാടക വീട്ടിൽ വിളിച്ചു വരുത്തി സുഹൃത്തുക്കളുമായി ചേർന്ന് മർദിക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെ നഗ്നവീഡിയോ എടുക്കുകയും കയ്യിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും എടിഎം കാർഡും കൈക്കലാക്കി.
നഗ്ന വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടതോടെ യുവാവ് പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.