ഹൈറേഞ്ചിൽ കപ്പ നട്ടാൽ പോലും വിളവെടുക്കാൻ സാധിക്കുന്നില്ല : ഫാദർ ജോസ് മാത്യൂ പറപ്പള്ളിൽ

കട്ടപ്പന:കപ്പ നട്ടാൽ പോലും വിളവെടുക്കാൻ വലിയ വേലികൾ കെട്ടി സംരക്ഷിക്കേണ്ട അവസ്ഥയാണ് ഹൈറേഞ്ച് ജനത അനുഭവിക്കുന്നതെന്ന് കട്ടപ്പന സെൻറ് ജോർജ് ഫൊറോന പള്ളി വികാരി റവ. ഫാദർ ജോസ് മാത്യു പറപ്പള്ളിയിൽ .
വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാൻ ഇതുവരെ സാധിച്ചിട്ടില്ല. ബഫർ സോണിന്റെയും പട്ടയ പ്രശ്നങ്ങളുടെയും കൈയേറ്റത്തിന്റെയും കുടിയേറ്റത്തിന്റെയും പേരിൽ വലിയ വിഷമങ്ങളാണ് ഹൈറേഞ്ച് ജനത അനുഭവിക്കുന്നത്.ഹൈറേഞ്ചിലെ കർഷകർ കുടിയേറിയവരല്ല പകരം കുടിയിരുത്തിയവരാണ് എന്ന് ഭരണാധികാരികൾ മറന്നുപോകുന്നു. കർഷകർക്ക് ഒരു രാഷ്ട്രീയപാർട്ടിയോടും വിയോജിപ്പില്ല ഭരണത്തിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാർട്ടികൾ കർഷക ജനതയുടെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ സന്തോഷമേയുള്ളൂ.
സർക്കാർ പദ്ധതികൾ പലതും പ്രഖ്യാപിക്കാറുണ്ടെങ്കിലും പലപ്പോഴും യഥാർത്ഥ കർഷകർ അറിയാതെ പോലും പോകുന്ന സാഹചര്യമായിരുന്നു നിലവിൽ ഉണ്ടായിരുന്നത്.എന്നാൽ എൻപത് ശതമാനം വരെ സൗജന്യ നിരക്കിൽ കർഷകർക്ക് ഇത്രയും കാർഷിക ഉപകരണങ്ങൾ ലഭിക്കുന്ന പദ്ധതി കർഷകരിൽ എത്തിച്ചു നൽകാൻ ശ്രമിക്കുന്ന കർഷകമോർച്ചയുടെ പ്രവർത്തനം അഭിനന്ദനാർഹമാണ് എന്നും അദ്ദേഹം പറഞ്ഞു.കർഷക സംഘത്തിലെ അംഗമായ ശ്രീ കലയത്തിനാൽ ജോണിക്ക് മോട്ടോർ വാൾ നൽകി കൊണ്ടാണ് അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്തത്.
ബിജെപിയുടെ സ്ഥാപക ദിനമായ ഏപ്രിൽ ആറ് മുതൽ ഏപ്രിൽ പതിനാല് അംബേദ്കർ ജയന്തി വരെ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി കർഷകമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാർഷിക ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്.
കട്ടപ്പന പാറക്കടവിൽ നടന്ന വിതരണ പരിപാടിയിൽ കർഷക മോർച്ച ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച രണ്ട് കർഷക സംഘങ്ങൾക്കാണ് യന്ത്ര ഉപകരണങ്ങൾ വിതരണം ചെയ്തത്.ഒരു കർഷക സംഘത്തിന് പത്ത് ലക്ഷം വച്ച് ഇരുപത് ലക്ഷം രൂപയുടെ കാർഷിക ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
കളവെട്ടി , മോട്ടോർവാൾ, ഫൈബർ ഏണി , ജലസേചന പമ്പുകൾ, കീടനാശിനി പമ്പുകൾ , മെതിയെന്ത്രങ്ങൾ , ഫൈബർ തോട്ടികൾ തുടങ്ങി കാർഷിക മേഖലയുടെ സമഗ്ര പുരോഗതിക്ക് വേണ്ടുന്ന എല്ലാവിധ ഉപകരണങ്ങളും കേന്ദ്രസർക്കാർ പദ്ധതിയിലൂടെ എൻപത് ശതമാനം വരെ സൗജന്യ നിരക്കിലാണ് കർഷക സംഘങ്ങൾക്ക് നൽകുന്നത്.
കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ എൻ പ്രകാശ് അധ്യക്ഷനായിരുന്നു. പാറക്കടവ് എസ്എൻഡിപി ശാഖാ പ്രസിഡന്റ് പ്രവീൺ വട്ടമല ,എൻഎസ്എസ് കരയോഗം പ്രസിഡന്റ് ശശികുമാർ മുല്ലക്കൽ, വിശ്വകർമ്മ സഭ കട്ടപ്പന ശാഖ പ്രസിഡന്റ് സി എൻ രാജപ്പൻ ,നഗരസഭ കൗൺസിലർമാരായ തങ്കച്ചൻ പുരയിടം, രജിത രമേശ്,ബിജെപി ദേശീയ കൗൺസിലിംഗം ശ്രീനഗരി രാജൻ ,ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല സംസ്ഥാന കൗൺസിൽ അംഗം കെ എൻ ഷാജി, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് വിസി വർഗീസ്, നേതാക്കളായ എം എൻ മോഹൻദാസ് ,പി എൻ പ്രസാദ്, ഷാജി നെല്ലിപ്പറമ്പിൽ , സന്തോഷ് കിഴക്കേമുറി, പി ആർ രാജേന്ദ്രൻ , പി കെ പ്രസാദ് കൂറ്റത്തിൽ, എ ആർ സുരേഷ്, ജോർജ് മാത്യു ,റ്റി സി ദേവസ്യ .തുടങ്ങിയവർ സംസാരിച്ചു