ലീക്കഡ് പതിപ്പ് കാണേണ്ട; ആടുജീവിതത്തിന്റെ ട്രെയിലർ പങ്കുവെച്ച് പൃഥ്വിരാജ്

ബ്ലെസ്സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആടുജീവിത’ത്തിന്റെ ട്രെയിലര്‍ പങ്കുവെച്ച് പൃഥ്വിരാജ്.സിനിമയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ ലീക്കായ സാഹചര്യത്തിലാണ് നടന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. ചലച്ചിത്രമേളകള്‍ക്കായി ഒരുക്കിയ ട്രെയിലര്‍ ആണെന്നും സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും നടന്‍ പറഞ്ഞു.
‘ഇത് മനപൂര്‍വമല്ലായിരുന്നു. ഇത് ഓണ്‍ലൈനില്‍ ‘ലീക്ക്’ ആകാനായി ഒരുക്കിയതല്ല. എന്നാല്‍ ചലച്ചിത്രമേളകള്‍ക്ക് മാത്രമായി കട്ട് ചെയ്ത ‘ആടുജീവിതം’ ട്രെയിലര്‍ ഓണ്‍ലൈനിലൂടെ പുറത്തുവന്നത് നിങ്ങളില്‍ മിക്കവര്‍ക്കും അറിയാമെന്ന് ഞാന്‍ ഊഹിക്കുന്നു. അതുകൊണ്ട് ഇതാ, ആടുജീവിതം, ‘ദ ഗോട്ട് ലൈഫ്’ (പൂര്‍ത്തിയായിട്ടില്ല, ജോലി പുരോഗമിക്കുന്നു) എന്ന സിനിമയുടെ ചലച്ചിത്രമേളക്കായുള്ള ട്രെയിലര്‍… നിങ്ങള്‍ക്ക് ഇത് ഇഷ്ടമാവുമെന്ന് കരുതുന്നു’, പൃഥ്വിരാജ് കുറിച്ചു.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബ് എന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ജീവിതാവസ്ഥകള്‍ കാട്ടുന്നതാണ് ട്രെയിലര്‍. നടന്റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും ട്രെയിലര്‍ ഉറപ്പ് നല്‍കുന്നുണ്ട്.