വസ്ത്രവ്യാപാര മേഖല കടുത്ത പ്രതിസന്ധിയില്‍; ഇളവുകള്‍ വേണമെന്ന് വ്യാപാരികള്‍
കട്ടപ്പന: ലോക്ഡൗണ്‍ പ്രഖ്യാപനം എത്തിയതോടെ പെരുന്നാള്‍ വിപണി മുന്നില്‍കണ്ട് വസ്ത്രങ്ങള്‍ കടകളിലെത്തിച്ച വ്യാപാരികള്‍ വന്‍ പ്രതിസന്ധിയില്‍. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ഭീമമായ നഷടമാണ് ജില്ലയിലെ വസ്ത്രവ്യാപാര മേഖലയിലുണ്ടായത്. ഇതില്‍നിന്ന് കരകയറാമെന്ന പ്രതീക്ഷയിലിരിക്കെയാണ് വീണ്ടും ലോക്ഡൗണ്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഒഴികെ മറ്റുള്ളവ അടക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ദിവസങ്ങളായി വസ്ത്രവ്യാപാരികള്‍ ആശങ്കയിലായിരുന്നു. വരുംദിവസങ്ങളിലാണ് കച്ചവടക്കാര്‍ പ്രതീക്ഷ വച്ചിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപനം വന്നതോടെ കടകള്‍ക്ക് പൂട്ടുവീഴുന്നത് വലിയ നഷടമുണ്ടാക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. ഓണക്കാലത്തേതുപോലെതന്നെ വസ്ത്രവ്യാപാര രംഗത്ത് ഉണര്‍വ് നല്‍കുന്നതാണ് പെരുന്നാള്‍ വിപണി. കഴിഞ്ഞ വിഷു, ഈസറ്റര്‍ തുടങ്ങിയ വിശേഷ സമയങ്ങളില്‍ വിപണി മന്ദഗതിയിലായിരുന്നു. 20 ശതമാനം ബിസിനസ് പോലും നടന്നില്ല. ഇത്തവണ പെരുന്നാള്‍ സീസണ്‍ മുന്നില്‍കണ്ട് വലിയ വിലയുടെ തുണികള്‍ അടക്കമാണ് എത്തിച്ചത്. ലോക്ഡൗണ്‍ പ്രഖ്യാപനം പ്രതീക്ഷയില്‍പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് കൂടുതല്‍ ഓര്‍ഡറുകളും നല്‍കി. ഉത്തരേന്ത്യയില്‍നിന്നടക്കം ലോഡ് കണക്കിന് തുണിത്തരങ്ങള്‍ മാര്‍ച്ച് ആദ്യ വാരത്തോടെതന്നെ ജില്ലയിലെ എല്ലാ കടകളിലും എത്തി. എന്നാല്‍ ഈ സമയങ്ങളില്‍ രോഗവ്യാപനം കൂടിയതോടെ വ്യാപാരവും വലിയ തോതില്‍ കുറവായിരുന്നു. കടകള്‍ അടഞ്ഞുകിടക്കുന്നത് കോടികളുടെ ബാധ്യതക്ക ഇടയാക്കുമെന്നും വ്യാപാരികള്‍ പറയുന്നു. ജില്ലയില്‍ ചെറുതും വലുതുമായി ആയിരത്തോളം വസ്ത്രവ്യാപാര ശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലായി പതിനായിരത്തോളം ജീവനക്കാരുമുണ്ട്. കടകള്‍ അടഞ്ഞുകിടക്കുന്നതിനെത്തുടര്‍ന്ന് ഇവരും പ്രതിസന്ധിയിലാകും. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പ്രശനത്തിന് പരിഹാരം കാണണമെന്ന് ഓള്‍ കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റും കട്ടപ്പന ഗായത്രി ഡിസൈന്‍സ് ഉടമയുമായ എന്‍.വി. സജീവ് പറഞ്ഞു.