ചേമ്പളത്ത് ഗൃഹനാഥനെ ആക്രമിച്ച കേസ്; രണ്ടര മാസങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയില്‍
നെടുങ്കണ്ടം: ചേമ്പളത്ത് ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ച പ്രതികള്‍ രണ്ടര മാസങ്ങള്‍ക്ക് ശേഷം പോലീസ് പിടികൂടി. ചെമ്പളം പുത്തന്‍പുരക്കല്‍ സബീഷ്, സന്തോഷ്, അമ്പാട്ട് ജേക്കബ് തോമസ്, ഉടുമ്പന്‍ചോല, ശാന്തരുവി തോട്ടുചാലില്‍ ജിഷോ, ജിജോ, ജിനോയി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. പുത്തന്‍പരുക്കല്‍ സജിന്‍ എന്നയാളെ പോലീസ് സംഭവസമയത്ത് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി 20 ന് വൈകുംന്നേരമാണ് ചേമ്പളം പാലത്താനത്ത് ആന്റണി ജോസഫ്, ഭാര്യ ഗ്രേസിക്കുട്ടി, മരുമകള്‍ ടീന എന്നിവരെ പതിനഞ്ചോളം വരുന്ന അക്രമിസംഘം വീടുകയറി ആക്രമിച്ചത്. ആന്റണിക്ക് കമ്പിവടികൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്റണിയുടെ വീടിന് സമീപത്തായുള്ള സ്ഥലം സ്വകാര്യ വ്യക്തി കൈയേറിയതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആന്റണി നിരവധി തവണ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ നടപടികള്‍ ഉണ്ടായില്ല. നടപടികള്‍ വൈകിപ്പിക്കുന്നതില്‍ ഉടുമ്പന്‍ചോല താലൂക്കോഫീസിലെ എല്‍.ആര്‍.വിഭാഗത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനും പങ്കുള്ളതായും ഇയാള്‍ കൈയേറ്റക്കാര്‍ക്ക് അനുകൂലമായി കോടതി ഉത്തരവ് നടപ്പില്‍ വരുത്തിയതായി രേഖകള്‍ ഉണ്ടാക്കിയതായും കാണിച്ച് ഇദ്ദേഹം വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സ്ഥലം അളന്നുതിരിച്ച് പഞ്ചായത്തിനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ വിധി നടപ്പിലാക്കാന്‍ അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് കോടതിയലക്ഷ്യത്തിന് ആന്റണി കേസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്. സംഭവം നടന്ന ദിവസം പുത്തന്‍പുരയ്ക്കല്‍ സജിനെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവര്‍ ഒളിവില്‍ പോകുകയും ചെയ്തു. അന്വേഷണം വഴിമുട്ടുന്നതായി കാണിച്ച് ആന്റണി ഐ.ജി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിട്ടും ലഭിക്കാതെ വന്നതോടെ കീഴടങ്ങിയതാണെന്നും പറയപ്പെടുന്നു.