Union Budget 2025: പാപനികുതി ഉയർത്താനൊരുങ്ങി നിർമ്മല സീതാരാമൻ; കേന്ദ്ര ബജറ്റിൽ സുപ്രധാന പ്രഖ്യാപനത്തിന് സാധ്യത
വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ പാപനികുതി ഏർപ്പെടുത്താൻ ഒരുങ്ങി നിർമ്മല സീതാരാമൻ. ശീതള പാനീയങ്ങൾ സിഗരറ്റ് പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ജിഎസ്ടി നികുതി 28 ശതമാനത്തിൽ നിന്ന് 35% ആയി ഉയർത്താൻ ആണ് ആലോചിക്കുന്നത്. അടുത്തിടെ കഴിഞ്ഞ ജി എസ് ടി മീറ്റിങ്ങിൽ കേന്ദ്ര ധന മന്ത്രി ഇതേപ്പറ്റി യാതൊന്നും വെളിപ്പെടുത്തിയിരുന്നില്ല. മന്ത്രിതല യോഗത്തിൽ ജി എസ് ടി നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സിഗരറ്റ് അടക്കമുള്ള ഉത്പന്നങ്ങൾക്ക് പാപനികുതി ഏർപ്പെടുത്തുന്നത് ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പൊതുജനാരോഗ്യത്തിന് ദോഷകരമാകുന്ന ഉത്പന്നങ്ങൾക്ക് മുകളിലാണ് സർക്കാർ പൊതുവേ പാപനികുതി ഏർപ്പെടുത്താറുള്ളത്. ഒരേസമയം വരുമാനം വർദ്ധിപ്പിക്കാനും ഉപഭോഗം കുറയ്ക്കാനും ലക്ഷ്യമുള്ളതാണ് ഈ നീക്കം. 2023- 24 ബജറ്റിൽ സിഗരറ്റിന്റെ വിലയിൽ ചെറിയ തോതിൽ പലിശ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ബജറ്റിൽ വർദ്ധനവ് ഉണ്ടായില്ല. അതിനാൽ തന്നെ ഇത്തവണ വില വർദ്ധിപ്പിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.
2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ ബജറ്റിൽ ദേശീയ ദുരന്ത പ്രതിരോധ തീരുവ 16 ശതമാനത്തോളം എക്സൈസ് നികുതിയിൽ കേന്ദ്രസർക്കാർ വർധിപ്പിച്ചതിലൂടെ സിഗരറ്റ് ഫാൻ മസാല തുടങ്ങിയ ഉൽപ്പന്നങ്ങൾ 28 ശതമാനം നികുതി നിരക്കിലേക്ക് ഉയർന്നിരുന്നു. ഡിസംബറിൽ ചേർന്ന മന്ത്രി തല യോഗത്തിലാണ് പൊതുജനാരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഉൽപ്പന്നങ്ങൾക്ക് മുകളിൽ പാപനികുതി ഉയർത്തണമെന്നും 35 ശതമാനത്തിലേക്ക് എത്തിക്കണമെന്നും അഭിപ്രായമുയർന്നത്. ഈ തീരുമാനം നടപ്പിലായാൽ ശീതള പാനീയങ്ങൾക്കും പുകയില ഉൽപ്പന്നങ്ങൾക്കും എല്ലാം വില കുതിച്ചുയരും.