മനീഷ് സിസോദിയയ്ക്കെതിരെ പുതിയ അഴിമതിക്കേസ് രജിസ്റ്റർ ചെയ്ത് സിബിഐ
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സിബിഐയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും (ഇഡി) അറസ്റ്റ് ചെയ്ത ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയ്ക്കെതിരെ സിബിഐ പുതിയ അഴിമതി കേസ് രജിസ്റ്റർ ചെയ്തു. ഡൽഹി സർക്കാരിന്റെ ഫീഡ്ബാക്ക് യൂണിറ്റിൽ (എഫ്ബിയു) അഴിമതി ആരോപിച്ചാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2015 ൽ ഡൽഹിയിൽ അധികാരത്തിൽ വന്ന ആം ആദ്മി പാർട്ടിയാണ് എഫ്ബിയു രൂപീകരിച്ചത്. ഫീഡ്ബാക്ക് യൂണിറ്റിന്‍റെ അനധികൃത രൂപീകരണവും പ്രവർത്തനവും മൂലം സർക്കാർ ഖജനാവിന് 36 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. രാഷ്ട്രീയ ഒളിച്ചുകളിക്കുള്ള ഉപകരണമായി സിസോദിയ എഫ്ബിയുവിനെ ഉപയോഗിക്കുകയായിരുന്നെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. അഴിമതി നിരോധന നിയമപ്രകാരം സിസോദിയയ്ക്കെതിരെ നടപടിയെടുക്കാൻ ഫെബ്രുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു.
അതേസമയം, സിസോദിയക്കെതിരെ നിരവധി കള്ളക്കേസുകൾ ചുമത്തി ദീർഘകാലം തടങ്കലിൽ പാർപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കമെന്നും ഇത് ദുഖകരമാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.