കൊച്ചി നഗരത്തിൽ ആസിഡ് മഴ; ആശങ്കയുയർത്തി വെള്ളപ്പത
കൊച്ചി: ബ്രഹ്മപുരം ദുരന്തത്തിന് ശേഷമെത്തിയ ആദ്യ മഴയിൽ പരിഭ്രാന്തരായി കൊച്ചി നിവാസികൾ. മഴയെത്തുടർന്ന് നഗരത്തിലുടനീളം വെള്ളപ്പത രൂപപ്പെട്ടതാണ് ആശങ്ക സൃഷ്ടിച്ചത്. മഴയിൽ ആസിഡിന്‍റെ സാന്നിദ്ധ്യമുണ്ടെന്ന് പല വിദഗ്ധരും വ്യക്തമാക്കി. രണ്ടാഴ്ചയോളം വിഷപ്പുക നിറഞ്ഞ നഗരത്തിൽ പെയ്യുന്ന മഴ ആരോഗ്യത്തിന് ഗുണകരമാകില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പല ആരോഗ്യവിദഗ്ധരും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, തീപിടിത്തമുണ്ടായ ബ്രഹ്മപുരത്ത് നല്ല മഴ ലഭിച്ചത് അവിടെ ക്യാമ്പ് ചെയ്യുന്ന അഗ്നിശമന സേനാംഗങ്ങൾക്ക് ആശ്വാസമായി. നന്നായി ലഭിച്ച മഴ മറ്റൊരു തീപിടിത്തത്തിനുള്ള സാധ്യത ഇല്ലാതാക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. മലപ്പുറം മുതൽ തെക്കോട്ടുള്ള വിവിധ ജില്ലകളിൽ മഴ ലഭിച്ചിരുന്നു. മലയോര മേഖലയിൽ ആരംഭിച്ച മഴ പിന്നീട് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. കൊല്ലം, വയനാട് ജില്ലകളിലും നല്ല വേനൽമഴ ലഭിച്ചു.