സ്വപ്നയുടെ പരാതി; വിജേഷ് പിള്ളയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പൊലീസ്
ബെംഗളുരു: സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കർണാടക പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ആണ് ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇവർ കണ്ടുമുട്ടിയ ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറിൽ രജിസ്റ്റർ ചെയ്ത കേസ്. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണമാണ് നടത്തിയത്. സുറി ഹോട്ടലിൽ വെച്ച് വിജേഷ് പിള്ള തന്നെ കണ്ട സമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. ഈ ഹോട്ടലിലെ ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് കേസുമായി മുന്നോട്ട് പോകുമെന്നാണ് അറിയുന്നത്. വിജേഷ് മാത്രമാണ് തന്നെ കാണാൻ വന്നതെന്ന് സ്വപ്ന നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് അന്വേഷണത്തിൽ വിജേഷിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി ഹോട്ടലുകാര്‍ പറഞ്ഞു. ഇത് ആരാണെന്ന് ചോദിച്ച് കഴിഞ്ഞ ദിവസം സ്വപ്ന ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. വിജേഷ് പിള്ള ബെംഗളൂരുവിലെ കെ ആർ പുര സ്റ്റേഷനിൽ ഹാജരാകണം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകൾ നശിപ്പിച്ച് നാട് വിടണമെന്ന് വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.