ജനത്തെ കഷ്ടപ്പെടുത്തി കോവിഡ് പരിശോധന
കട്ടപ്പന ∙ നഗരത്തിലെ താലൂക്ക് ആശുപത്രിയിൽ കോവിഡ് പരിശോധനക്ക് എത്തുന്നവർക്ക് ദുരിതം. പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ മണിക്കൂറുകളാണ് കാത്തു നിൽക്കേണ്ടി വരുന്നത്. ഇവർക്ക് വെയിലും മഴയും ഏൽക്കാതെ നിൽക്കാനോ അവശത അനുഭവപ്പെടുന്നവർക്ക് ഇരുന്ന് വിശ്രമിക്കാനോ യാതൊരു സൗകര്യവും ഇവിടെയില്ല. രാവിലെ എത്തുന്നവർ ഏറെ നേരം കാത്തു നിൽക്കുമ്പോൾ ചിലർ തല ചുറ്റൽ അനുഭവപ്പെട്ട് വീഴുന്നത് പതിവ് സംഭവമാണ്.
കോവിഡ് രോഗബാധിതരാണോയെന്ന് അറിയാത്തതിനാൽ സ്ഥലത്തുള്ളവർ സഹായിക്കാൻ തയാറാകാത്ത സ്ഥിതിയുമുണ്ട്. കെട്ടിട നിർമാണ സാമഗ്രികളും മെഷീനുകളും കിടക്കുന്ന ഭാഗത്താണ് ജനങ്ങൾ കാത്തു നിൽക്കേണ്ടത്. മെറ്റലും മറ്റും കിടക്കുന്നതിനാൽ ഇവയിൽ ചവിട്ടി അധിക സമയം നിൽക്കാൻ കഴിയുന്നില്ലെന്ന് ജനങ്ങൾ പറയുന്നു.നഗരസഭാ പരിധിയിലെയും സമീപ പഞ്ചായത്തുകളിലെയുമെല്ലാം ആളുകൾ ഇവിടെ പരിശോധനക്ക് വരുന്നുണ്ട്.
അക്ഷരമാലാ ക്രമത്തിലാണ് ആളുകളെ പരിശോധനക്ക് വിളിക്കുന്നതെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ജനങ്ങളുടെ തിരക്ക് ഒഴിവാക്കാൻ നടപടി ഉണ്ടാകാത്തത് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുകയാണെന്നാണ് ആക്ഷേപം. പഞ്ചായത്ത് അടിസ്ഥാനത്തിൽ പരിശോധന നടത്താൻ സമയം നിശ്ചയിച്ചാൽ തിരക്ക് ഒഴിവാക്കാനാകുമെന്ന് അഭിപ്രായം ഉയരുന്നുണ്ട്.
കൂടാതെ പരിശോധനക്ക് എത്തുന്നവർക്ക് വെയിൽ ഏൽക്കാതെ കാത്തു നിൽക്കാനും അവശരായവർക്ക് വിശ്രമിക്കാനും സൗകര്യം ഒരുക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.സമയബന്ധിതമായി പരിശോധന നടത്താത്തതിനാലും നിയന്ത്രണങ്ങൾ തെറ്റിക്കുന്നതിനാലും കൊറോണ വ്യാപനത്തിനുള്ള സാഹചര്യമാണ് ഇവിടെയുള്ളതെന്ന് പരിശോധനക്ക് എത്തിയപ്പോൾ ബോധ്യമായെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് വ്യക്തമാക്കി.