പ്രധാന വാര്‍ത്തകള്‍
ജെറ്റ് സ്യൂട്ടില്‍ പറന്ന് ഇന്ത്യന്‍ സൈന്യം; ലക്ഷ്യം അതിർത്തി നിരീക്ഷണം

ആഗ്ര: ചൈന അതിർത്തി ഉൾപ്പെടെയുള്ള അതീവ സുരക്ഷാ മേഖലകളിൽ നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യൻ സൈന്യത്തെ സഹായിക്കുന്ന ജെറ്റ് പായ്ക്ക് സ്യൂട്ടുകളുടെ പരീക്ഷണ പറക്കൽ വിജയം. ഇന്ത്യൻ ആർമി എയർബോൺ ട്രെയിനിംഗ് സ്കൂളിൽ (എഎടിഎസ്) ചൊവ്വാഴ്ചയാണ് പരീക്ഷണ പറക്കൽ നടന്നത്. ബ്രിട്ടീഷ് കമ്പനിയായ ഗ്രാവിറ്റി ഇൻഡസ്ട്രീസാണ് ജെറ്റ് പായ്ക്ക് സ്യൂട്ട് നിർമ്മിച്ചത്.
ഗ്രാവിറ്റി ഇൻഡസ്ട്രീസ് സ്ഥാപകൻ റിച്ചാർഡ് ബ്രൗണിംഗ് ജെറ്റ് പായ്ക്ക് സ്യൂട്ടിൽ പറക്കുന്ന വീഡിയോ ഇന്ത്യൻ എയ്റോസ്പേസ് ഡിഫൻസ് ന്യൂസ് ട്വിറ്ററിൽ പങ്കുവച്ചു. കെട്ടിടത്തിന് മുകളിലൂടെയും ജലാശയങ്ങൾക്ക് മുകളിലൂടെയുമാണ് പരീക്ഷണ പറക്കൽ നടത്തിയത്.
മൂന്ന് ജെറ്റ് എഞ്ചിനുകൾ ഘടിപ്പിച്ച സ്യൂട്ടാണ് ബ്രൗണിംഗിന്‍റെ പരീക്ഷണ പറക്കലിന് ഉപയോഗിച്ചത്. ഒന്ന് പുറകിലും രണ്ടെണ്ണം ഇരുകൈകളുടെയും വശങ്ങളിലുമാണ് ഘടിപ്പിച്ചത്.