ദുരിതാശ്വാസ നിധി തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാരാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. സർക്കാർ തന്നെ കേസെടുത്തതിനാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന വാദം അംഗീകരിക്കാനാവില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമാണെന്നും കോടതി പറഞ്ഞു. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് അന്വേഷിക്കാൻ സിബിഐയോ പ്രത്യേക സംഘമോ വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് ലഭിച്ചത് കോടികളാണ്. 2,865.4 കോടി രൂപ സർക്കാർ പൊതു സ്ഥാപനങ്ങളിൽ നിന്നും പെൻഷൻകാരിൽ നിന്നും ലഭിച്ചു. സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിലൂടെ പിരിച്ചെടുത്തത് 1,229.89 കോടി രൂപയാണ്. ഉത്സവബത്ത – 117.69 കോടി രൂപ, മദ്യവിൽപ്പനയ്ക്ക് അധിക നികുതിയായി ലഭിച്ചത് 308.68 കോടി രൂപ. സംസ്ഥാന ദുരന്ത നിവാരണ വിഹിതമായ 107.17 കോടി രൂപ ഉൾപ്പെടെ ആകെ പിരിച്ചെടുത്തത് 4912.45 കോടി രൂപയാണ്.
ഇതിൽ 2,356.46 കോടി രൂപ ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് നൽകി. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കുടുംബശ്രീ, പുനർഗേഹം പദ്ധതി, കൃഷി, റോഡുകൾ, സൗജന്യ കിറ്റ് തുടങ്ങി വിവിധ അക്കൗണ്ടുകളിലായി ആകെ 4140.07 കോടി രൂപ ചെലവഴിച്ചു. അതായത് 772.38 കോടി രൂപ ഇനിയും ബാക്കിയാണ്. ലഭിച്ചവരിൽ തന്നെ അനർഹരായ ധാരാളം പേരുണ്ടെന്നാണ് വിജിലൻസ് അന്വേഷണ വിവരം സൂചിപ്പിക്കുന്നത്. ഫണ്ട് വിനിയോഗത്തിൽ മാത്രമല്ല, ഉപയോഗിച്ച തുകയുടെ സുതാര്യതയിലും വിശ്വാസം നഷ്ടപ്പെട്ടതോടെ സർക്കാർ പ്രതിരോധത്തിലായിരുന്നു.