ത്രിപുര, മേഘാലയ, നാഗാലാൻഡ് തിരഞ്ഞെടുപ്പ് ഫലം; വോട്ടെണ്ണൽ അൽപസമയത്തിനകം ആരംഭിക്കും
അഗർത്തല / ഷില്ലോങ് / കൊഹിമ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. അക്രമങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ത്രിപുരയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നേതൃത്വത്തിൽ ഇന്നലെ സമാധാന സമ്മേളനം നടന്നിരുന്നു. ത്രിപുരയിൽ ഫെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27നുമാണ് വോട്ടെടുപ്പ് നടന്നത്. ഈ വർഷം നടക്കുന്ന ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് ത്രിപുരയിലും മേഘാലയയിലും നാഗാലാൻഡിലും നടന്നത്.
60 നിയമസഭാ സീറ്റുകളിൽ ബിജെപി, സിപിഎം- കോൺഗ്രസ്, ത്രിപ്ര മോത്ത പാർട്ടി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. കാൽനൂറ്റാണ്ട് നീണ്ട സിപിഎം ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 60 നിയമസഭാ സീറ്റുകളിൽ 36 എണ്ണവും നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. 2021 ഏപ്രിലിൽ നടന്ന ത്രിപുര ട്രൈബൽ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ത്രിപ്ര മോത്ത പാർട്ടി സിപിഎമ്മിനെയും ബിജെപിയെയും പരാജയപ്പെടുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന ത്രിപ്ര മോത്ത പാർട്ടി 42 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയതോടെ എൻഡിഎ, ഇടത്-കോൺഗ്രസ് സഖ്യങ്ങൾ പ്രതിരോധത്തിലായി. ബിജെപി 55 സീറ്റിലും സഖ്യകക്ഷിയായ ഐപിഎഫ്ടി ആറ് സീറ്റിലുമാണ് മത്സരിക്കുന്നത്. സി.പി.എമ്മിന്‍റെ 43 സ്ഥാനാർത്ഥികളും കോൺഗ്രസിന്‍റെ 13 സ്ഥാനാർത്ഥികളുമാണ് മത്സരരംഗത്തുള്ളത്. തൃണമൂൽ കോൺഗ്രസിന്‍റെ 28 സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്. ത്രിപുരയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോളിൻ്റെ പ്രവചനം.
ബഹുമുഖ മത്സരത്തിനാണ് മേഘാലയ സാക്ഷ്യം വഹിക്കുന്നത്. കോൺഗ്രസ്, ബിജെപി, കോൺറാഡ് സാങ്മയുടെ എൻപിപി (നാഷണൽ പീപ്പിൾസ് പാർട്ടി), പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവരാണ് മത്സരരംഗത്തുള്ളത്. കോൺറാഡ് സാങ്മയുടെ എൻപിപിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ബിജെപി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. 2018 ൽ ബിജെപിക്ക് രണ്ട് സീറ്റുകൾ മാത്രമാണ് ലഭിച്ചതെങ്കിലും എൻപിപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞിരുന്നു. അഴിമതി ആരോപണത്തെ തുടർന്ന് സാങ്മയുടെ പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ബിജെപി ഇത്തവണ 60 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയത്. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയും മറ്റ് നിരവധി കോൺഗ്രസ് എംഎൽഎമാരും കൂറുമാറിയതിനെത്തുടർന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി മാറിയിരുന്നു. 60 നിയമസഭാ സീറ്റുകളുള്ള മേഘാലയയിൽ എൻപിപിയുടെ 57ഉം തൃണമൂൽ കോൺഗ്രസിന്‍റെ 56ഉം കോൺഗ്രസിന്‍റെ 60ഉം ബിജെപിയുടെ 60ഉം സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മേഘാലയയിലെ ഒരു സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് ഒരു സീറ്റിൽ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു.
നാഗാലാൻഡിലും ഇത്തവണ ത്രികോണ മത്സരമാണ് നടക്കുന്നത്. ബിജെപിയും എൻഡിപിപിയും (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി) സഖ്യമായാണ് മത്സരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ് 23 സീറ്റിലും നാഗാ പീപ്പിൾസ് ഫ്രണ്ട് 22 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. നാഗാലാൻഡിൽ ബിജെപി ഇതിനകം ഒരിടത്ത് വിജയിച്ചു. എതിർ സ്ഥാനാർഥി സ്ഥാനാർഥിത്വം പിൻവലിച്ചതിനെത്തുടർന്ന് അകുലുട്ടോ നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കഷെറ്റോ കിനിമി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇത്തവണ നാല് വനിതാ സ്ഥാനാർഥികളും നാഗാലാൻഡിൽ ജനവിധി തേടുന്നുണ്ട്.