പ്രതിപക്ഷ സഖ്യ രൂപവത്കരണത്തില്‍ മാറ്റത്തിന്റെ സൂചന നല്‍കി ഖാർഗെ
ന്യൂഡല്‍ഹി: 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിൽ മാറ്റമുണ്ടാകുമെന്ന് സൂചന നൽകി കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ കോൺഗ്രസ് പിടിവാശി ഉപേക്ഷിക്കുമെന്ന സൂചനയാണ് ഖാർഗെ നല്കിയത്. റായ്പൂരിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ എടുത്ത തീരുമാനത്തിന്‍റെ ഭാഗമായാണ് പാർട്ടി നിലപാടിൽ മാറ്റം വരുത്തിയതെന്നാണ് വിവരം.
“സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ പാർട്ടികളും വിഘടനവാദ ശക്തികൾക്കെതിരെ ഒന്നിക്കണം. ആര് നയിക്കുമെന്നോ ആരാണ് പ്രധാനമന്ത്രിയാകുകയെന്നോ ഞാൻ പറഞ്ഞിട്ടില്ല. ചോദ്യം അതല്ല. ഐക്യത്തോടെ പോരാടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതാണ് ഞങ്ങളുടെ ആഗ്രഹം,” ഖാർഗെ പറഞ്ഞു. ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്‍റെ ജന്മവാർഷികത്തോടനുബന്ധിച്ച് ചെന്നൈയിൽ നടന്ന പരിപാടിയിലാണ് ഖാർഗെ പ്രസ്താവന നടത്തിയത്. റായ്പൂർ പ്ലീനറി സമ്മേളനത്തിൽ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിന് കോൺഗ്രസ് വളരെയധികം പ്രാധാന്യം നൽകിയിരുന്നു.
തമിഴ്നാട്ടിലെ കോൺഗ്രസ്-ഡിഎംകെ സഖ്യം 2004 ലും 2009 ലും ലോക്സഭാ വിജയങ്ങളും 2006 ലും 2021 ലും നിയമസഭാ വിജയങ്ങളും നേടിയിരുന്നു. ഈ സഖ്യം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് അടിത്തറയിടുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.