ഫിഫ ദ് ബെസ്റ്റ് വോട്ടിംഗ്; റയൽ മഡ്രിഡ് താരം അലാബയ്‌ക്കെതിരെ വംശീയാധിക്ഷേപം
മഡ്രിഡ്: ഫിഫ ദ് ബെസ്റ്റ് പുരുഷ ഫുട്ബോൾ വോട്ടിംഗിൽ അർജന്‍റീനയുടെ സൂപ്പർ താരം ലയണൽ മെസിക്ക് വോട്ട് ചെയ്തതിന് ഓസ്ട്രിയ ക്യാപ്റ്റൻ ഡേവിഡ് അലാബയ്‌ക്കെതിരെ വംശീയാധിക്ഷേപം. റയൽ മാഡ്രിഡ് സഹതാരം കരീം ബെൻസേമയ്ക്ക് മുകളിൽ മെസിക്ക് വോട്ട് ചെയ്തതാണ് പ്രകോപനത്തിന് കാരണം.
കിലിയൻ എംബാപ്പെയെയും ബെൻസേമയെയും പിന്തള്ളിയാണ് മെസി ഫിഫ ദ് ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയത്. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വോട്ട് ചെയ്തവരുടെ വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. മെസിക്ക് ആദ്യ വോട്ട് നൽകിയ അലാബ, ബെൻസേമയ്ക്ക് രണ്ടാമത്തെ വോട്ടും എംബാപ്പെയ്ക്ക് മൂന്നാം വോട്ടുമാണ് നൽകിയത്. താരത്തിനെതിരെ ഹാഷ് ടാഗ് കാമ്പയിനും നടക്കുന്നുണ്ട്.
അതേസമയം, വോട്ട് ചെയ്യുന്ന കാര്യം ഓസ്ട്രിയൻ ടീമിന്‍റെ കൂട്ടായ തീരുമാനമാണെന്ന് അലാബ പ്രതികരിച്ചു. ഓസ്ട്രിയൻ ടീമിലെ എല്ലാവർക്കും വോട്ടവകാശമുണ്ട്, വോട്ടെടുപ്പിലൂടെയാണ് മെസിയെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചതെന്നും അലാബ സോഷ്യൽ മീഡിയയിൽ കുറിച്ചു. 2016 ൽ ഫിഫയുടെ ദ് ബെസ്റ്റ് അവാർഡ് ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് മെസി ഈ പുരസ്കാരം നേടുന്നത്. 2019ലായിരുന്നു ഇതിന് മുമ്പത്തെ പുരസ്കാരം.