തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ്റെ എഴുന്നള്ളത്ത്; കര്‍ശന വ്യവസ്ഥകളോടെ അനുമതി


പാലക്കാട്: തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ നിബന്ധനകൾക്ക് വിധേയമായി എഴുന്നള്ളിക്കാൻ അനുമതി. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ നിബന്ധനകൾക്ക് വിധേയമായി ജില്ലയിലെ ഉത്സവാഘോഷങ്ങളിൽ ഒറ്റയ്ക്ക് എഴുന്നള്ളിക്കാനാണ് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അനുമതി നൽകിയിട്ടുള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ മറ്റ് ആനകൾക്കൊപ്പം എഴുന്നള്ളത്തിൽ പങ്കെടുക്കാൻ അനുവദിക്കരുത്.
എഴുന്നള്ളത്തിന്‍റെ ആരംഭം മുതൽ ഒടുക്കം വരെ ആനയുടെ വീഡിയോ ചിത്രീകരിച്ച് വനംവകുപ്പിന് കൈമാറണം. ജില്ലയിൽ നടക്കുന്ന വിവിധ പൂരങ്ങളിൽ തെച്ചിക്കോട്ട് രാമചന്ദ്രനെ പങ്കെടുപ്പിക്കാൻ അനുമതി തേടിയുള്ള അപേക്ഷകളുടെ അടിസ്ഥാനത്തിൽ എ.ഡി.എം.കെ കെ.മണികണ്ഠന്‍റെ അധ്യക്ഷതയിൽ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അടിയന്തരമായി യോഗം ചേരുകയായിരുന്നു.
കഴിഞ്ഞ ദിവസം പാടൂർ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഭരണസമിതി രംഗത്തെത്തിയിരുന്നു. തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. മറ്റൊരു ആന ഇടഞ്ഞതോടെ ആളുകൾ ഭയന്ന് ഓടിപ്പോകുകയായിരുന്നു. ആനയുടെ മുന്നിലുണ്ടായിരുന്ന ഒന്നാം പാപ്പാൻ ആളുകൾ ചിതറി ഓടുന്നതിനിടെ വീഴുകയായിരുന്നുവെന്നും വിശദീകരിച്ചു. ആളുകൾ ചവിട്ടിയ പാപ്പാൻ രാമന് നിസ്സാര പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇന്നലെ രാത്രിയാണ് രാമനെ വിട്ടയച്ചത്.