കുടിവെള്ള വിവാദം; പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗവ. കോളേജ് മുൻ പ്രിൻസിപ്പൽ


കാസർകോട്: കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് ഗവ. കോളേജ് മുൻ പ്രിൻസിപ്പൽ എം രമ. താൻ ചില വിദ്യാർത്ഥികളെ കുറിച്ചാണ് പറഞ്ഞതെന്നും തന്‍റെ പരാമർശം എല്ലാവരേയും ബാധിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും തനിക്കെതിരെ എസ്.എഫ്.ഐ നടത്തുന്ന അപവാദ പ്രചാരണങ്ങൾ വിശ്വാസത്തിലെടുക്കരുതെന്നും അവർ പറഞ്ഞു.
കോളേജിലെ കുടിവെള്ളം മലിനമാണെന്ന പരാതിയുമായി എത്തിയ വിദ്യാർത്ഥികളെ പ്രിന്‍സിപ്പല്‍ ചേംബറിൽ പൂട്ടിയിട്ടതാണ് വിവാദമായത്. തുടർന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇടപെട്ട് പ്രിൻസിപ്പലിനെ നീക്കി. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ റാഗിംഗും മയക്കുമരുന്ന് ഉപയോഗവും സംബന്ധിച്ച പരാതികൾ ലഭിച്ചിരുന്നുവെന്നും ഇവ അനുവദിക്കാതിരുന്നതാണ് പ്രവർത്തകരെ പ്രകോപിതരാക്കിയതെന്നും രമ നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, കോളേജിൽ വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു.