ആം-ആദ്മിക്ക് തിരിച്ചടി; സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള നീക്കത്തിന് സ്റ്റേ
ന്യൂഡല്‍ഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്താനുള്ള എഎപിയുടെ നീക്കത്തിന് തിരിച്ചടി. തിരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള മേയറുടെ തീരുമാനം ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ ദിവസത്തെ തിരഞ്ഞെടുപ്പിൽ മേയർ ഷെല്ലി ഒബ്റോയ് ഒരു വോട്ട് അസാധുവായി പ്രഖ്യാപിച്ചതിനെ തുടർന്ന് കോർപ്പറേഷൻ ഹാളിൽ ആം ആദ്മി- ബിജെപി കൗൺസിലർമാർ തമ്മിൽ കയ്യാങ്കളിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്ന് മേയർ അറിയിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാതെ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ പുതിയ തീയതി പ്രഖ്യാപിച്ചത് ചട്ടലംഘനമാണെന്ന് കോടതി ഉത്തരവിൽ പറയുന്നു. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാൻ മേയർക്ക് അധികാരമുണ്ടെന്ന് ഒരു ചട്ടത്തിലും പറയുന്നില്ലെന്ന് ജസ്റ്റിസ് ഗൗരംഗ് കാന്ത് ഉത്തരവിൽ പറഞ്ഞു.
ബാലറ്റ് പേപ്പർ, കോർപ്പറേഷൻ ഹാളിലെ സിസിടിവി ദൃശ്യങ്ങൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ എന്നിവ മേയർ സംരക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസിൽ മേയർക്കും ലഫ്റ്റനന്‍റ് ഗവർണർക്കും കോടതി നോട്ടീസയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മേയറുടെ നടപടി ചോദ്യം ചെയ്ത് ബിജെപി കൗൺസിലർമാരായ ശിഖ റോയ്, കമൽജീത്ത് ശെഖ്‌രാവത് എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.