അഴിമതി മൂലം രാജ്യത്ത് സാധാരണക്കാർ പൊറുതിമുട്ടിയ അവസ്ഥയിൽ: സുപ്രീംകോടതി


ന്യൂ ഡൽഹി: അഴിമതി മൂലം രാജ്യത്ത് സാധാരണക്കാർ പൊറുതിമുട്ടിയ അവസ്ഥയിലെന്ന് സുപ്രീം കോടതി. എല്ലാ മേഖലകളിലും അഴിമതി തടയാൻ ആരെയെങ്കിലും ഉത്തരവാദിയാക്കേണ്ട സമയമായെന്നും കോടതി നിരീക്ഷിച്ചു. ക്രിമിനൽ കേസുകളിൽ കുറ്റം ചുമത്തപ്പെട്ടവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
രാജ്യത്തെ സാധാരണക്കാർ അഴിമതി മൂലം ദുരിതമനുഭവിക്കുകയാണ്. ഏതെങ്കിലും സർക്കാർ ഓഫീസിൽ പോയിട്ടുള്ള ആർക്കും ഈ മോശം അനുഭവം ഉണ്ടാകും. രാജ്യം അതിന്‍റെ പഴയ മൂല്യങ്ങളിലേക്കും സംസ്കാരത്തിലേക്കും മടങ്ങിയെത്തിയാൽ മാത്രമേ മാറ്റങ്ങൾ സംഭവിക്കൂ.
ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
കുറ്റാരോപിതനായാൽ ഒരു ചെറിയ സർക്കാർ ജോലി പോലും ലഭിക്കാൻ സാധ്യതയില്ലാത്തിടത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് ഹർജിക്കാരനായ അശ്വിനി ഉപാധ്യായ ആവശ്യപ്പെട്ടു. രാജ്യത്ത് ജനാധിപത്യത്തിന്‍റെ പേരിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് ജോസഫ് പ്രതികരിച്ചു. വിശദമായ വാദം കേൾക്കുന്നതിനായി ഹർജി ഏപ്രിൽ 10ലേക്ക് മാറ്റി.