മെട്രോ രണ്ടാം ഘട്ടം പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ മുടങ്ങികിടക്കുന്ന പണികള്‍ വൈകാതെ പുനഃരാരംഭിക്കും


കൊച്ചി: മെട്രോ രണ്ടാം ഘട്ടം പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ മുടങ്ങികിടക്കുന്ന പണികള്‍ വൈകാതെ പുനഃരാരംഭിക്കും.
കലൂര്‍ കാക്കനാട് പാതയിലെ മുടങ്ങി കിടക്കുന്ന സ്ഥലമേറ്റെടുപ്പും വൈകാതെ തുടങ്ങും. നഷ്ടപരിഹാരതുക ഇല്ലാത്തതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. നാലില്‍ രണ്ട് വില്ലേജുകളിലെ ഭൂമി മാത്രമാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. പദ്ധതി തുടങ്ങാന്‍ വൈകിയതിനാല്‍ പ്രഖ്യാപിച്ചിരിക്കുന്ന നിര്‍മ്മാണ ചെലവിനേക്കാള്‍ കൂടുതല്‍ ആവുമെന്നാണ് കരുതുന്നത്.
കൊച്ചി മെട്രോയുടെ ആദ്യ പ്രഖ്യാപനത്തില്‍ തന്നെ രണ്ടാം ഘട്ടത്തിനും അനുമതി കിട്ടിയിരുന്നു. എന്നാല്‍ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കാത്തതിനാലാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പദ്ധതി നിന്നു പോയത്. പ്രധാനമന്ത്രി കൊച്ചിയിലെത്തിയപ്പോള്‍ നടത്തിയ പ്രഖ്യാപനം രണ്ടാംഘട്ട പദ്ധതികള്‍ക്ക് വീണ്ടും തുടക്കം കുറിക്കുമെന്നാണ് കരുതുന്നത്. കലൂര്‍ മുതല്‍ കാക്കനാട് വരെ 11.2 കിലോമീറ്റര്‍ മെട്രോ പാതയുടെ നിര്‍മ്മാണം കൊച്ചി മെട്രോ കമ്ബനി തന്നെ നേരിട്ട് നടത്തും. 11 സ്റ്റേഷനുകള്‍ക്ക് 1950 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍, പദ്ധതി വൈകിയത് ഈ തുകയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്. കേന്ദ്രവും സംസ്ഥാനവും ചെലവ് പങ്കിടുന്ന പദ്ധതിക്കായി തുക അനുവദിക്കുന്നത് വൈകുമോയെന്നാണ് ആശങ്ക. പദ്ധതി പൂര്‍ത്തിയാക്കാന്‍ എത്ര സമയമെടുക്കുമെന്നതും വ്യക്തമല്ല. കാക്കനാട്, ഇടപ്പള്ളി സൗത്ത് വില്ലേജിലെ 2.51 ഭൂമി ജില്ല ഭരണകൂടം ഏറ്റെടുത്ത് മെട്രോ കമ്ബനിക്ക് കൈമാറിയിട്ടുണ്ട്. 226 ഭൂവുടമകള്‍ക്കായി 132 കോടി രൂപ നല്കി. തൃപ്പൂണിത്തുറ, വാഴക്കാല വില്ലേജുകളിലെ സ്ഥലമേറ്റെടുക്കലാണ് ഇനി ബാക്കിയുള്ളത്. കടയുടമകള്‍ക്കും, വാടകക്കാര്‍ക്കുള്ള പുനരധിവാസ പാക്കേജ് അനുവദിക്കുന്നതിനുള്ള നടപടികളും ആരംഭിക്കും. അര ലക്ഷത്തിലധികം ജീവനക്കാര്‍ ഉള്ള ഇന്പോപാര്ക്കില് മെട്രോ എത്തിയാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് പ്രതീക്ഷിക്കുന്നത്.